മലയാളിയെ ചേര്‍ത്തുപിടിച്ച് സോഹന്‍ലാല്‍
ടി പ്രതാപചന്ദ്രന്‍ വെബ് ദുനിയ
http://malayalam.webdunia.com/entertainment/film/interview/0809/02/1080902017_1.htm
മലയാള സിനിമ ‘മുമ്പേ പോയവര്‍ക്ക് പിമ്പേ നടക്കുമ്പോള്‍’ അതില്‍ നിന്ന് വേറിട്ടൊരു പാത പ്രേക്ഷകര്‍ക്ക് ആശ്വാസമാണ്. വല്ലപ്പോഴും ഈ കാത്തിരിപ്പിന് ഒരവസാനം എന്നപോലെ ചില നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുമുണ്ട്. സ്വതന്ത്ര ചിന്തയുമായി സോഹന്‍ലാല്‍ എന്ന യുവ സംവിധായകന്‍ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഇത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
മിനി സ്ക്രീനില്‍ ചലനം സൃഷ്ടിച്ച ‘നീര്‍മാതളത്തിന്‍റെ പൂക്കള്‍’ എന്ന ടെലിഫിലിമിലൂടെ മലയാളികള്‍ ശ്രദ്ധിച്ച സംവിധായകനാണ് സോഹന്‍ലാല്‍. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കുള്ള ആദ്യ ചുവടുവയ്പിന്‍റെ ഹരത്തിലാണ് ഈ യുവ സംവിധായകന്‍.
ആദ്യ ചിത്രത്തെ കുറിച്ചുള്ള സങ്കല്പ്പം?മലയാളത്തിന്റെ ചുറ്റുവട്ടത്തു നിന്ന് മലയാളികള്ക്ക് ഹൃദയത്തോടും ആത്മാവിനോടും ചേര്ന്നു പിടിക്കാനൊരു സിനിമ, ലോ ബജറ്റില്.
കൂടുതല് പറയാമോ?അതായത്, കമല് ഹസന് 100 കോടി രൂപ ചെലവാക്കി ഒരു ‘ലോ ബജറ്റ് സിനിമ’ എടുത്തു എന്ന് പറയാന് സാധിക്കും. പക്ഷേ, മലയാളിയെ സംബന്ധിച്ചിടത്തോളം അത് നടപ്പില്ല. അതുകൊണ്ട് കുറഞ്ഞചെലവില് മലയാള പ്രേക്ഷകരുടെ ഓര്മ്മയില് തങ്ങി നില്ക്കുന്ന ഒരു ചിത്രം നിര്മ്മിക്കുകയാണ് ലക്ഷ്യം.
ഇതുവരെയുള്ള സിനിമ പാറ്റേണില് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നോ?തീര്ച്ചയായും, നിലവിലുള്ള ഇന്ഫ്രാസ്ട്രക്ച്ചര് മുഴുവന് മാറണം. പുതിയ സംവിധായകനും നിര്മ്മാതാവിനും നടീനടന്മാര്ക്കും പരിഗണന ഉറപ്പാക്കണം. മുന്വിധിയോടെയുള്ള വാണിജ്യ സിനിമകള് മാത്രമേ വിജയിക്കൂ എന്ന സ്ഥിതി മാറണം. ഈ ദു:സ്ഥിതി കാരണമാണ് പരുത്തിവീരന്, ഓട്ടോഗ്രാഫ് പോലെയുള്ള ചിത്രങ്ങള് മലയാളത്തിന് നഷ്ടമാവുന്നത്.
പുതിയ രീതി അവതരിപ്പിക്കാന് ആഗ്രഹിക്കുന്നു, അത് മറ്റൊരു രീതിയില് പറഞ്ഞാല് കണ്വെന്ഷണല് രീതി ആവില്ലേ? അതായത്, ഈ ചുവട് പിടിച്ച് വീണ്ടും സിനിമകള് ഇറങ്ങില്ലേ?
ഒരിക്കലുമില്ല, ഉദാഹരണത്തിന് ഫോര് ദ പീപ്പിള് കഴിഞ്ഞ് ബൈദ പീപ്പിള് എന്ന ശൈലി ആരോഗ്യകരമല്ല.
പുതിയ ശൈലി ജനങ്ങള് ഉള്ക്കൊള്ളുമോ?
പ്രേക്ഷകരെ മുന്വിധിയോടെ കാണുന്നതാണ് പുതിയ പാറ്റേണില് ആരെയും ചിന്തിപ്പിക്കാതിരിക്കുന്നതിനു കാരണം. സൂപ്പര് താരങ്ങളും പരമ്പരാഗത രീതിയും മാത്രമേ സിനിമയെ വിജയിപ്പിക്കൂ എന്ന പ്രചാരണമാണ് ഇതിനു പിന്നില്.
ശ്യാമ പ്രസാദിനെ ഇക്കൂട്ടത്തില് പെടുത്താമോ?ശ്യാമ പ്രസാദിന്റെ ചിന്തകള് അദ്ദേഹത്തിന്റെതു മാത്രമാണ്. അത് വ്യക്തമാക്കാന് അദ്ദേഹം തന്നെയാണ് അനുയോജ്യന്.
മലയാള സിനിമ രംഗത്തിന് എല്ലാവരും പറയുന്ന ‘പാരകള്’ ശല്യമാണോ?പാരകള് സത്യം തന്നെ. നമ്മുടെ നോട്ടത്തില് പാരകളായി കാണുന്നവര് ആയിരിക്കില്ല യഥാര്ത്ഥ പാരകള്. അവര് മറഞ്ഞിരിപ്പുണ്ടാവും. നമുക്ക് അവരുടെ കയ്യിലെ ‘ടൂളുകളെ’ മാത്രമേ കാണാന് സാധിക്കൂ.
ഈ പാരകള് യഥാര്ത്ഥത്തില് എനിക്ക് ഊര്ജ്ജം പകരുന്നു. കല്ലുംമുള്ളും നിറഞ്ഞ വഴിയെ മുന്നേറാന് പ്രചോദനമാവുന്നു.
‘ഓര്ക്കുക വല്ലപ്പോഴും’ എന്ന സിനിമയെ കുറിച്ച് ?മലയാള സിനിമ ചരിത്രത്തില് മറ്റൊരു സിനിമയോടും സാമ്യമില്ലാത്ത ഒന്നായിരിക്കും ഇത്. തിലകന് ചേട്ടനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരാവാസുദേവ്, ബിനു വൈ എസ്, മാളവിക മുതലായവര് വേഷമിടുന്നു.
സെപ്തംബര് 15 മുതല് ഒക്ടോബര് 5 വരെയാണ് ഷെഡ്യൂള്. നവംബര് 14 ന് ‘ഓര്ക്കുക വല്ലപ്പോഴും’ തിയേറ്ററുകളില് എത്തിക്കാനാണ് ശ്രമം.