Monday, August 31, 2009

റമദാന്‍ ചിന്തകള്‍ 10/2009

റമദാന്‍ ചിന്തകള്‍ 10/2009





എന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും പുണ്യ മാസ്സമായ റമദാനിലെ പത്താം നാളിലേക്ക് സ്വാഗതം. രണ്ടു മൂന്ന് ദിവസം എന്റെ ചിന്തകളുമായി നിങ്ങളുടെ അടുത്ത് വരാന്‍ സാധിച്ചില്ല. ഒരു സുഹൃത്തിന്റെ അകാലത്തിലുള്ള വിയോഗവും മറ്റു ചില മാനസ്സിക സംഘര്‍ഷങ്ങളും കാരണം എഴുത്തില്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയില്ല. ചിറയിന്‍കീഴ്‌ അന്‍സാര്‍ എന്ന ആ സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കട്ടെ. അറിയാത്തവര്‍ക്ക് പോലും ഉപകാരം ചെയ്യാന്‍ ഒരു മടിയും ഇല്ലാതെ സമയം കണ്ടെത്തിയിരുന്ന ഒരു നല്ല മനുഷ്യന്‍. അദ്ധേഹത്തിന്റെ മരണ വിവരം അറിഞ്ഞ ഒരു സാധാരണക്കാരനായ സുഹൃത്ത്‌ എന്നോട് പറഞ്ഞത് - ഒരിക്കല്‍ അബു ദാബിയിലെ എംബസ്സിയില്‍ എന്തോ കാര്യത്തിനു പോയ സമയത്ത് ശ്രീ അന്‍സാര്‍ കാണുകയും സഹായിക്കുകയും ചെയ്ത കഥയാണ്. ഓരോരോ ഉത്തരവാധിത്വങ്ങളില്‍ ഇരിക്കുന്നവര്‍ അവരുടെ മേഘലയിലും അതില്‍ നിന്ന് പുറത്തു തന്നാല്‍ ആവുന്ന മറ്റു മേഘലകളിലും തങ്ങളുടെ കഴിവുകളും സഹായഹസ്തങ്ങളും പരോപകാരപ്രദമായി വിനിയോഗിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണം.

ഈശ്വരന്‍ എല്ലാ മനുഷ്യരിലും നല്ല മനസ്സുകളും നല്ല ചിന്തകളും വളര്‍ത്തുവാന്‍ ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ഇവിടെ ചുരുക്കുന്നു.

സസ്നേഹം
രമേശ്‌ മേനോന്‍
31082009

Saturday, August 29, 2009

മകനും പട്ടികളും - കഥ........... സൈദ്‌ മുഹമ്മദ്‌ (എഡിറ്റര്‍ ഗ്രമരത്നം വീക്കിലി)

മകനും പട്ടികളും - കഥ........... സൈദ്‌ മുഹമ്മദ്‌ (എഡിറ്റര്‍ ഗ്രമരത്നം വീക്കിലി)

മകനും പട്ടികളും. അയാള്‍ അയാളുടെ പട്ടികള്‍ക്ക് പന്നിപ്പനി വരാതിരിക്കാന്‍ മാസ്ക്കുകള്‍ ധരിപ്പിച്ചു. അയാളും ധരിച്ചു. മാധ്യമക്കാര്‍ ഇത വാര്‍ത്തയാക്കി. മുനിസിപ്പാലിറ്റിയിലെ ചീഫ്‌ എഞ്ചിനീയര്‍ ചെയ്ത ഈ കൃത്യം വര്‍ത്ത്തയാകാതിരിക്കുന്നതെങ്ങിനെ? ഈ വാര്‍ത്ത അയാളുടെ അച്ചന്റെ ശ്രദ്ധയിലും പെട്ടു. വൃദ്ധ സദനത്തില്‍ ദിവസങ്ങള്‍ എന്നിക്കഴിയുന്ന അദ്ദേഹം ആരോടെന്നില്ലാതെ ഇങ്ങനെ പറഞ്ഞു. "എന്‍റെ ഏക സന്തതിയെക്കൊണ്ട് പട്ടികള്‍ക്കെങ്കിലും ഉപകാരമുണ്ടായല്ലോ. ഇനി എനിക്ക് സമാധാനമായി കണ്ണടക്കാം "

Thursday, August 27, 2009

റമദാന്‍ ചിന്തകള്‍ 06/2009

റമദാന്‍ ചിന്തകള്‍ 06/2009

അബുദാബി പോലീസിനു വേണ്ടി പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന ഒരു മോട്ടോര്‍ സൈക്കിള്‍. ഒരു റമദാന്‍ പവലിയനില്‍ നിന്നുള്ള കാഴ്ച.

പുണ്യ മാസ്സമായ റമദാനിലെ ആറാം ദിവസ്സത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. പല സമയങ്ങളിലും മനുഷ്യര്‍ പല വികാരചിന്തനങ്ങള്‍ക്കും അടിമകള്‍ ആയിട്ടാണ് ഓരോ കാര്യങ്ങളില്‍ ഇടപെടുന്നതും ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും. മനസ്സില്‍ ഒന്നു, ചെയ്യുന്നത് വേറെ ഒന്നും. ചിലപ്പോള്‍ അത് കരുതി കൂട്ടി ആവാം ചിലപ്പോള്‍ യാദൃശ്ചികവും ആവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ കാംക്ഷിക്കുന്നവര്‍ നല്ല ചിന്തകളെ മനസ്സില്‍ വളര്‍ത്തി ദുഷ്ചിന്തകളെ അകറ്റി കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ഈശ്വരന് ആഭിമുഖ്യം. ഒരു ചെറിയ കാര്യം ഈ അടുത്ത ദിവസ്സം നടന്നത് ഇവിടെ സമര്‍പ്പിക്കട്ടെ.

ഏകദേശം ഇഫ്താര്‍ സമയത്തിനോട്‌ അടുത്ത് ഓഫീസ് വിട്ടു വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. കാര്‍ എടുത്തു മുന്നോട്ടു പോകാന്‍ നോക്കുമ്പോള്‍ കുറച്ചു മുമ്പിലായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതില്‍ ആരും ഇല്ല. കുറച്ചു സമയം നോക്കിയിട്ടും ആരെയും കാണാതായപ്പോള്‍ ഒന്ന് രണ്ടു തവണ ഹോണ്‍ അടിച്ചു നോക്കി. അപ്പോള്‍ അടുത്തുള്ള കടയില്‍ നിന്ന് ഒരു മാന്യന്‍ പുറത്തേക്കു വന്നു നോക്കുന്നത് കണ്ടു. പിന്നെയും ഏകദേശം പത്തു മിനുട്ടോളം കാത്തു - ഒരു രക്ഷയും ഇല്ല. ഇറങ്ങി ആ കടക്കാരനോട് അവിടെ നിന്ന് ഇറങ്ങി വന്ന ആളോടും ചോദിച്ചു. ഇതിന്റെ ഉടമസ്ഥന്‍ എവിടെയെങ്കിലും ഉണ്ടോ? ഒരു ജാള്യതയും ഇല്ലാതെ ആ കക്ഷി പറഞ്ഞു - എനിക്ക് അറിയില്ല - മുകളില്‍ മുകളില്‍ ബില്‍ടിങ്ങില്‍ എവിടെയെങ്കിലും പോയിരിക്കാം എന്ന്. അതും പറഞ്ഞു അയാള്‍ തന്റെ ഷോപ്പിങ്ങില്‍ വീണ്ടും മുഴുകി. അതെ സമയം അയാളുടെ പുറകില്‍ നിന്നിരുന്ന ആ കടക്കാരന്റെ മുഖം ശ്രദ്ധിച്ച എനിക്ക് മനസ്സിലായി ആരാണ് യഥാര്‍ത്ഥ ഉടമ എന്ന്. എന്നെ അറിയാവുന്ന ആ കടക്കാരന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ പരുങ്ങുകയായിരുന്നു. എന്റെ ക്ഷമയെ നന്ദി പറഞ്ഞു കൊണ്ട് ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി കാറില്‍ കയറി ഏകദേശം ഒരു കിലോമീറ്റര്‍ ഓളം പുറകോട്ടു വണ്ടി എടുത്തു ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.


ഈന്തപ്പഴം വിളവെടുക്കുന്ന ഒരു അബുദാബി മുനിസിപ്പാലിറ്റി ജീവനക്കാരന്‍

അറിഞ്ഞു കൊണ്ട് ആരോടും തെറ്റുകള്‍ പറയുകയോ ചെയ്യുകയോ ചെയ്യാതിരിക്കുക. ഈ പുണ്യ മാസ്സത്തിലെ എല്ലാ നന്മകളും നിങ്ങള്‍ക്കും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ലഭിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടെ,

സസ്നേഹം,
രമേശ്‌ മേനോന്‍
27082009

കേരളം മാവേലിയെ കാത്ത്

Wednesday, August 26, 2009

പദ്മപ്രഭാ പുരസ്ക്കാരം സച്ചിദാനന്ദന്

റമദാന്‍ ചിന്തകള്‍ 05/2009

റമദാന്‍ ചിന്തകള്‍ 05/2009


റമദാന്‍ മാസ്സക്കലാതെ വരവേറ്റു ദീപലന്കര പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഇവിടത്തെ ഒരു പള്ളി

റമദാന്‍ മാസ്സത്തിലെ അഞ്ചാം നാളിലേക്ക് ഏവര്‍ക്കും സ്വാഗതം. പല സംഘടനകളും റമദാന്‍ മാസ്സതോട് അനുബന്ധിച്ച് ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുന്നുണ്ട്. അത് നിങ്ങള്ക്ക് ഏവര്‍ക്കും ഒത്തു ചേരാനും കൂട്ടായ്മയോടെ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ യാതൊരു തരം തിരിവും ഇല്ലാതെ ചേര്‍ന്ന് പ്രാര്‍ത്ഥനയോടെ ഒരേ വേദിയില്‍ ഉപവാസ്സം അവസാനിപ്പിക്കാന്‍ ഉള്ള ഒരു അവസ്സരം ആണ്. ആ അവസ്സരം ഒരിക്കലും കളയരുത്.

ദുഖങ്ങള്‍ എല്ലാവര്ക്കും പല തരത്തില്‍ പല സമയത്ത് വരും. അത് എങ്ങനെ നേരിടുന്നു എന്നതാണ് ഒരു മനുഷ്യന്റെ ശരാശരി വിജയയത്തിന്റെ രഹസ്യം. ഈയിടെ ഞാന്‍ ഒരു കുടുംബത്തെ പരിചയപ്പെടാന്‍ ഇടയായി. അച്ഛനും അമ്മയും രണ്ടു മക്കളും ചേര്‍ന്ന ഒരു ചെറിയ കുടുംബം. ആ അമ്മക്ക് ഒരു മാരക രോഗം വന്നിട്ട് ഇനി കാണാത്ത ഡോക്ടറോ ചെയ്യാത്ത ചികിത്സയോ ഇല്ല. ഏകദേശം 18 ലക്ഷം രൂപയോളം അവര്‍ മരുന്നിനായി ഇതിനകം ചിലവാക്കി കഴിഞ്ഞു. എന്നാലും ഞാന്‍ ആ വീട്ടില്‍ പോയപ്പോള്‍ എല്ലാവരും എത്ര സന്തോഷത്തോടെ കളിയും ചിരിയുമായി കഴിയുന്നു. നാളെ എന്താണ് അവരുടെ സ്ഥിതി എന്ന് ഈശ്വരന് മാത്രമേ അറിയുകയുള്ളൂ. എന്നാലും ഇന്ന് അവര്‍ ജീവിതം അടിച്ചു പൊളിക്കുകയാണ്. വേറെ ഒരു കുടുംബത്തെയും ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം. വീട്ടില്‍ ചെന്നപ്പോള്‍ NDTV യുടെ ഷെയര്‍ മാര്‍ക്കറ്റ്‌ അവലോകനം ടീവിയില്‍ മുറയ്ക്ക് നടക്കുന്നു. അച്ഛന്‍ ടീവിയില്‍ അത് നോക്കി തിരക്കിലാണ്. അമ്മ വീട്ടില്‍ ഇല്ല. ഒരു വയസ്സോളം പ്രായമായ കൊച്ചു കുട്ടി ആ ചാര്‍ട്ടുകള്‍ മാറുന്നത് കണ്ടു നോക്കി കിടക്കുന്നുട്. അച്ഛനുള്ളപ്പോള്‍ അമ്മയുണ്ടാവില്ല, അമ്മയുള്ളപ്പോള്‍ അച്ഛനും. വളരുന്ന തലമുറയുടെ പുതിയ മുഖങ്ങള്‍. എല്ലാവര്ക്കും ഒന്നിച്ചു എന്നാണാവോ ഒരു സമയം കണ്ടെത്താന്‍ കഴിയുക.



റമദാന്‍ മാസ്സത്തിലെ ചന്ദ്രന്‍


എല്ലാ നല്ല കൂട്ടായ്മകളുടെയും വിജയത്തിനായി പ്രാര്‍ത്തിച്ചു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ഇവിടെ നിറുത്തട്ടെ.

സസ്നേഹം
രമേശ്‌ മേനോന്‍
26082009

Tuesday, August 25, 2009

റമദാന്‍ ചിന്തകള്‍ 04/2009

റമദാന്‍ ചിന്തകള്‍ 04/2009



റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍

പുണ്യമാസ്സമായ റമദാനിലെ നാലാം ദിവസ്സത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്നലെ എഴുതിയ ചിന്തകളുടെ ഒരു തുടര്‍ അവതരണം തന്നെയാണ് ഇന്നും എനിക്ക് എഴുതാനുള്ളത്. എല്ലാം കയ്യില്‍ ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഒന്നും ഇല്ലയ്മയിലെക്കുള്ള അവസ്ഥ പലര്‍ക്കും വളരെയധികം വേദനാജനകം ആണ്. എന്റെ ഒരു അടുത്ത സുഹൃത്തിന്റെ അവസ്ഥ ഇവിടെ എഴുതാം. നല്ല ജോലിയിലുണ്ടായിരുന്ന അദ്ദേഹം ഈയിടെ UAE യില്‍ നിന്ന് തിരിച്ചു നാട്ടിലേക്ക് ജോലി നഷ്ടപ്പെട്ടത്‌ കൊണ്ട് പോകേണ്ടി വന്നു. ഉള്ള സമ്പാദ്യം എല്ലാ മുടങ്ങാതെ വീട്ടുകാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന ആ ചങ്ങാതി ഇപ്പോള്‍ എല്ലാം പോയി, വീട്ടുക്കാരും നോക്കാതെ നാട്ടില്‍ കഷ്ടപ്പെട്ട് നടക്കുകയാണ്. ഈ മാന്ദ്യം ഉള്ള സമയത്ത് ഒരു ജോലി വീണ്ടും കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്ങനെ ജീവിതം കഴിച്ചു കൂട്ടുന്നു എന്ന ചോദ്യത്തിനു "നമ്മുടെ നാട്ടില്‍ എത്ര ദീര്‍ഗദൂര ബസ്സുകള്‍ ഉണ്ട് " എന്ന മറുപടിയാണ് അദ്ദേഹം എനിക്ക് നേരെ എറിഞ്ഞു തന്നത്. ഉള്ളവര്‍ ഇല്ലാത്തവരെ പറ്റി ചിന്തിക്കാനും തന്നാല്‍ ആവുന്ന സഹായം ഇല്ലാത്തവര്‍ക്ക് ചെയ്തു കൊടുത്തു അവരെ യഥാസമയം ദുഖങ്ങളില്‍ നിന്ന് കരകയറ്റുവാനും ഈ പുണ്യ മാസ്സം നമ്മള്‍ക്ക് ഇട നല്‍കട്ടെ.



റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍


രമേശ്‌ മേനോന്‍
25082009

Monday, August 24, 2009

റമദാന്‍ ചിന്തകള്‍ 03/2009

റമദാന്‍ ചിന്തകള്‍ 03/2009


റമദാന്‍ മാസ്സക്കലാതെ വരവേല്‍ക്കുവാന്‍ ഒരുങ്ങിയ അബുദാബി മാള്‍

പുണ്യമാസ്സമായ റമദാനിലെ മൂന്നാം ദിവസ്സത്തിലേക്ക് കടന്നുവല്ലോ. ആദ്യ രണ്ടു ദിവസ്സത്തെ ഉപവാസ്സവും പ്രാര്‍ഥനയും മനസ്സിനെയും ശരീരത്തിനെയും ആത്മീയ ചിന്തകളിലേക്ക് പാകപ്പെടുത്തി എടുത്തു തുടങ്ങിയിട്ടുണ്ടായിരിക്കും. രണ്ടു കാര്യങ്ങളാണ് ഇന്നത്തെ ചിന്തയില്‍ പ്രധാനമായും കടന്നു വന്നിരിക്കുന്നത്. രണ്ടും ഇഫ്താര്‍ ചടങ്ങുകളോട് അനുബന്ധിച്ച് ഉള്ളതാണ്.

റമദാന്‍ മാസ്സത്തില്‍ എല്ലാവരും സാധുക്കള്‍ക്ക് അകം അഴിഞ്ഞു സഹായിക്കുന്ന ഒരു സമയം ആണല്ലോ. വിപുലമായ ഇഫ്താര്‍ സല്‍ക്കാരങ്ങള്‍ നടത്തുമ്പോള്‍ ഒരു മിനിട്ട്, ലഘുവായ ഇഫ്താര്‍ പോലും കഴിക്കാന്‍ ഉള്ള അവസ്സരം ഇല്ലാത്ത അനേകം പാവങ്ങളെ ഓര്‍ക്കുക. അവര്‍ക്കായി സ്വരൂപിച്ചു, ആവശ്യത്തിനുള്ള ഭക്ഷണം മാത്രം തയാറാക്കി, മിച്ചം വന്നു കളയാന്‍ ഇട വരാതെ ശ്രദ്ധിക്കുക. അങ്ങനെ ലാഭിക്കാന്‍ സാധിക്കുന്ന പണത്തില്‍ നിന്ന് സാധുക്കള്‍ക്കായി ഒരു നേരത്തെ ഭക്ഷണം കൂടുതല്‍ കൊടുക്കാന്‍ ഉള്ള അവസ്സരങ്ങല്‍ക്കായി വിനിയോഗിക്കുവാന്‍ ശ്രമിക്കുക.

രണ്ടാമത്തെ കാര്യം സംയമനം ആണ്. ഇഫ്താര്‍ സമയങ്ങള്‍ക്കു മുന്‍പ് ഇവിടത്തെ റോഡുകളിലൂടെ വാഹനം ഓടിക്കുന്നവര്‍ക്കറിയാം എത്ര അപകടങ്ങള്‍ ആണ് വൃഥാ നടക്കുന്നത് എന്ന്. ഒന്ന് ക്ഷമിച്ചു ശ്രദ്ധയോടെ ഓടിച്ചാല്‍ വീട്ടില്‍ എത്തി എല്ലാവരും ഒത്തു ചേര്‍ന്ന് പ്രാര്‍ഥനയോടെ അവസ്സനിപ്പിക്കാവുന്ന യാത്രകള്‍ പലതും അവസാന യാത്രകള്‍ ആക്കുന്നു. അത് കൂടാതെ മത്സര ഓട്ടം കാരണം ഉള്ള വഴക്കുകളും. ഇത് രണ്ടു തീര്‍ത്തും ഭക്തി മാര്‍ഗ്ഗത്തില്‍ പറഞ്ഞിട്ടുള്ളതല്ല. എന്തിനു വെറുതെ ശുണ്ടിയെടുത്തു ഒരു ദിവസ്സമോ ഒരു ആയുസ്സോ അതിന്റെ ഒക്കെ പുണ്യങ്ങളും ഫലങ്ങളും പാഴാക്കി കളയുന്നു?



റമദാന്‍ മാസ്സക്കലാതെ വരവേല്‍ക്കാന്‍ ഒരുങ്ങിയ അബുധാബിയിലെ ഒരു പ്രധാന വീഥി

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ അകം നിറഞ്ഞ റമദാന്‍ ആശംസകള്‍.

രമേശ്‌ മേനോന്‍
24082009

Sunday, August 23, 2009

റമദാന്‍ ചിന്തകള്‍ 02/2009

റമദാന്‍ ചിന്തകള്‍ 02/2009


സൌജന്യമായി ഇഫ്താര്‍ ഭക്ഷണം നല്‍കാന്‍ വേണ്ടി അബുദാബി കോ ഒപരെട്ടീവ്‌ തയ്യാറാക്കിയിട്ടുള്ള വിതരണശാല


പുണ്യമാസ്സമായ റമദാനിലെ രണ്ടാം നാളിലേക്ക് നമ്മള്‍ കടന്നു. ജനങ്ങള്‍ മത വിശ്വാസ്സങ്ങളും ആചാരങ്ങളും അനുഷ്ടിക്കുന്നത് പല തരത്തിലാണ്. ബഹു ജനം പല വിധം എന്ന മലയാളത്തിലെ ചൊല്ല് പോലെ. ഈയുള്ളവന്‍ ഈ വരികള്‍ ഇവിടെ എഴുതുമ്പോള്‍ ചില മനസ്സുകളില്‍ തോന്നുന്നുണ്ടായിരിക്കാം എന്താണ് ഇങ്ങനെ ഒക്കെ ചെയ്യാന്‍ കാരണം.

മതങ്ങളും ഗുരുക്കന്മാരും ആചാര്യന്മാരും പണ്ട്മുതലേ എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന വിദ്യാഭ്യാസ്സ പ്രക്രിയയും. എല്ലാവരിലും നല്ലത് കണ്ടും, എല്ലാ മതങ്ങളില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു ഈശ്വരനില്‍ അര്‍പ്പിച്ചു കൊണ്ട് ഉള്ള ഒരു നിത്യ ജീവിത പ്രക്രിയ ആണ് ഞാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. നാട്ടിലും, പിന്നെ ഇവിടെ വന്നു ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഈ 22 വര്‍ഷ കാലത്തിലും എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കളെ നേടി തന്നിട്ടുണ്ട്. അത് തന്നെ മതിയല്ലോ എന്നിക്ക് അവരുടെ പ്രധാന ആചാരങ്ങളെ പറ്റിയുള്ള അറിവും മതിപ്പും എന്നില്‍ വേരുറപ്പിക്കാന്‍. നമ്മള്‍ ശാസ്ത്രം പഠിച്ചത് കൊണ്ട്, ഗണിതം പഠിച്ചു കൂടാ എന്നില്ലല്ലോ? എല്ലാ നന്മാകള്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കട്ടെ.

ആദ്യ ദിവസ്സത്തെ ഉപവസ്സവും അതോടനുബന്ധിച്ചുള്ള ഇഫ്താര്‍ ചടങ്ങുകളും ചിലര്‍ക്കെങ്കിലും ഒരു പുതുമയായിരിക്കും. ഞാന്‍ പറഞ്ഞു വരുന്നത് നമ്മുടെ കൊച്ചു കൂട്ടുകാരെ പറ്റിയാണ്. അതായതു കുട്ടികളെ. പലപ്പോഴും നമ്മള്‍ അറിയാതെ നമ്മളെ സശ്രദ്ധം വീക്ഷിക്കുന്ന അവര്‍, പലപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ അണുവിട വിടാതെ ചെയ്യാന്‍ ഉത്സാഹം കാണിക്കുന്നത് കാണാം. റമദാന്‍ മാസ്സക്കാലത്തെ ഉപവാസ്സം അതില്‍ ഒന്ന് തന്നെ. തന്റെ മാതാപിതാക്കളും അവരുടെ ബന്ധുക്കളും, സ്നേഹിതരും, വര്‍ഷാവര്‍ഷം ഒരു മാസ്സം തുടര്‍ച്ചയായി ചെയ്തു പോരുന്ന ആ ചടങ്ങുകളില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ ഉള്ള ആദ്യ അവസ്സരം. അവരുടെ കൊച്ചു മനസ്സിനുള്ളില്‍ ഒളിച്ചിരിക്കുന്ന അര്‍പ്പണ ബോധം പുറത്തു കൊണ്ട് വരാന്‍ ഉള്ള അവസ്സരം. കൂടാതെ ഉപവസ്സം കഴിഞ്ഞാല്‍ ബന്ധുക്കളും സ്നേഹിതരും ആയി ഒത്തു ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്സരം. താനേ അവരില്‍ വിശ്വാസവും നിശ്ചയാധാര്‍ദ്ദ്യവും കടന്നു വന്നില്ല്ലെന്കിലെ അത്ഭുതം ഉള്ളു.

എല്ലാവരും കൂട്ടായ്മയോട് കൂടി പ്രാര്‍ഥിക്കുകയും ജലപാനം കഴിക്കുകയും ചെയ്യുകയും ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അവരില്‍ ഒരു കൂട്ടായ്മയുടെ വേരുകള്‍ കൊച്ചു മനസ്സിലെ ഉറപ്പിച്ചു കഴിയും.

ഒരു ചെറിയ സംഭവം കൂടി പറഞ്ഞു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ചുരുക്കട്ടെ. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു മടങ്ങുന്ന വഴി ഗോവ വഴിയാണ് വരാന്‍ ഇടയായത്. വിമാനം പറന്നു കുറച്ചു കഴിഞ്ഞപ്പോള്‍ സാധാരണ പോലെ ഭക്ഷണവും ജലപാന മധ്യ സല്കാരവും ആയി എയര്‍ ഹോസ്റെസ്സ് വന്നു. എന്റെ അടുത്ത് ഇരിന്നിരുന്നത് ഒരു ഗോവക്കാരനും അയാളുടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനും ആയിരുന്നു. അച്ഛനും മകനും തമ്മില്‍ പല കാര്യങ്ങളിലും സംഭാഷണം തുടര്‍ന്ന് കൊണ്ടേ ഇരിന്നു തുടക്കം മുതലേ. അവര്‍ വന്നു എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ ഗോവന്‍ സുഹൃത്ത്‌ രണ്ടു കുപ്പി ബിയര്‍ മതിയെന്ന് പറഞ്ഞു. തൊട്ടടുത്ത്‌ ഇരിക്കുന്ന മകന്റെ സീറ്റ്‌ ചൂണ്ടി കാട്ടി പുള്ളി പറഞ്ഞു, പറ്റുമെങ്കില്‍ രണ്ടെണ്ണം ആ സീറ്റിലേക്കും വച്ച് കൊള്ളൂ എന്ന്. അത് കേട്ട എയര്‍ ഹോസ്റെസ്സ് അതെ പ്രകാരം ചെയ്തു. അവര്‍ അവിടെ നിന്ന് നീങ്ങുന്നതിനു മുന്‍പേ ആ കുട്ടി ഉച്ചത്തില്‍ പറഞ്ഞു, അച്ഛാ, നിങ്ങള്‍ തെറ്റാണ് ചെയ്യുന്നത്, ഞാന്‍ മദ്ധ്യം കഴിക്കില്ലല്ലോ - പിന്നെന്തിനാ എന്റെ പേരും പറഞ്ഞു വാങ്ങിയത്. അത് കേട്ട ഞാനും, ആ അച്ഛനും, കൂടാതെ അത് കൊടുത്ത എയര്‍ ഹോസ്റെസ്സും, സ്തബ്ദരായി ഇരുന്നു പോയി. കൊച്ചു മനസ്സില്‍ കളങ്കം ഇല്ല.

ഈ റമദാന്‍ മാസ്സക്കലാതെ ചുരുങ്ങിയ ജോലി സമയം നിങ്ങള്‍ എല്ലാവരും കുട്ടികളുടെ കൂടെ പരമാവദി വിനിയോഗിക്കാന്‍ ഉപയോഗിക്കുക. അതില്‍ പരം സന്തോഷം വേറെ എന്തുണ്ട്. അവര്‍ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉണര്‍ത്തുവാന്‍ വേണ്ടി ഞാനും നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും.

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ അകം നിറഞ്ഞ റമദാന്‍ ആശംസകള്‍.

രമേശ്‌ മേനോന്‍
23082009

Saturday, August 22, 2009

റമദാന്‍ ചിന്തകള്‍ 01/2009

റമദാന്‍ ചിന്തകള്‍ 01/2009




മദീന സയെദ്‌ ഷോപ്പിംഗ്‌ കൊമ്പ്ലെക്സിനു അടുത്തുള്ള പ്രധാന പള്ളി.


പുണ്യ മാസമായ റമദാന്‍ ഇന്നു ആരംഭിച്ചു. ഗള്‍ഫില്‍ വന്ന കാലം തൊട്ടേ റമദാന്‍ മാസം വളരെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കാറുണ്ട്. പണ്ടു തൊട്ടേ ആചാരങ്ങള്‍ എല്ലാം മത വിത്ത്യാസമില്ലാതെ കാണണം എന്ന് കാരണവന്മാര്‍ പഠിപ്പിച്ചത് കൊണ്ടായിരിക്കാം ഇതു. മാനുഷ്യരെല്ലാം ഒന്നു പോലെ എന്ന മാവേലി സിദ്ധാന്തം എപ്പോഴും ഓര്‍ക്കുന്നതായിരിക്കാം മറ്റൊരു വശം. ഈ ആവേശം ആണ് ഈ l ലേഖന പരമ്പരയുടെ രണ്ടാം അദ്ധ്യായം എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചത്.




മുസ്ലിം കലണ്ടറിലെ ഒന്‍പതാം മാസ്സം ആണ് റമദാന്‍.

ഇന്ന് നമുക്ക് റമദാന്‍ മാസ്സത്തിലെ റമദാന്‍ മാസത്തിലെ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഒന്നു ചിന്തിച്ചു നോക്കാം.



ഓഗസ്റ്റ്‌ മാസത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന ഈ വര്ഷത്തെ റമദാന്‍ ദിവസങ്ങള്‍ സാധാരണയില്‍ കവിഞ്ഞ സമയ പരിതി ഉള്ളതാണല്ലോ. അപ്പോള്‍ ഉപവാസം ഒരു തപസ്യ എന്നതിലുപരിയെക്കാള്‍ നിശ്ചയമായും നമ്മുടെ സംയമനം പരിശോദിക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയി തീരുന്നു. പുലര്‍ച്ച മുതല്‍അസ്തമയം വരെ ഉപവാസ്സം ഇരിക്കുക എന്ന പ്രക്രിയ പലര്‍ക്കും അത്ര എളുപ്പം അല്ല. പുകവലി, ഭോജനം, ജലപാനം കഴിക്കല്‍, എന്നിവ ഈ സമയത്ത് വര്‍ജ്യം ആണ്. ഇവയൊന്നും പൊതു സ്ഥലത്ത് വിശ്വാസികളും അവിശ്വാസികളും ചെയ്യാന്‍ പാടുള്ളതല്ല. റമദാന്‍ മാസ്സത്തില്‍ അഞ്ചു നേരവും പള്ളികളില്‍ പ്രാര്‍ത്ഥന നടക്കാറുണ്ട്. ഈ സമയത്ത് ഉച്ച ശബ്ദത്തില്‍ പാടുകളോ മറ്റു തടസ്സങ്ങലോ വരാതെ പരിസ്സരവും നിശബ്ദതയില്‍ ദൈവത്തില്‍ പ്രാര്‍ഥനാനിരതയോടെ അര്‍പ്പിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വസ്ത്രധാരണത്തിലും ഈ മാസത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പൊതു വേദികളില്‍ അതിര് വിട്ടു ഇടപഴകാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൊതുവേദികളില്‍ പുകവലിയും വര്‍ജ്യമാണ്‌.


സുഹൂര്‍ എന്നും ഇഫ്താര്‍ എന്നും രണ്ടു പ്രധാന ഭക്ഷണ ചടങ്ങുകള്‍ ആണ് റമദാന്‍ മാസ്സത്തില്‍ നിത്യവും ഉള്ളത്. സുഹൂര്‍ പുലര്‍ച്ചെയും, ഇഫ്താര്‍ അസ്തമയ സമയത്തും. സുഹൂര്‍ സമയത്ത്, ദിവസ്സം മുഴുവനും സക്തി നല്‍കാന്‍ ഉള്ള തരത്തില്‍ ഉള്ള ഭക്ഷണ ക്രമവും, ഇഫ്താര്‍ സമയത്ത് വെള്ളം, പഴങ്ങളുടെ സത്, ഈന്ത പഴം എന്നിവവയും ലഘുവായി കഴിച്ചു പോരുന്നു.



ഇഫ്താര്‍ ടെന്റുകള്‍ - സ്ഥലം മദീന സയെദ്‌ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ അബുദാബി

ഈ ലേഖന പരമ്പരയോടൊപ്പം ഓരോ ദിവസ്സവും ഇവിടത്തെ ഓരോ റമദാന്‍ കാഴ്ചകളും ചിത്രങ്ങളായി നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു.

എന്റെ എല്ലാ പ്രിയ മുസ്ലിം സുഹൃത്തുക്കള്‍ക്കും ഈ പുണ്യമാസ്സക്കലത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്,
സസ്നേഹം,

രമേശ്‌ മേനോന്‍

22082009


Thursday, August 20, 2009