Saturday, November 15, 2008
മണ്ഡലമാസ്സപുലരിയില്‍
സ്വാമിയേ ശരണമയ്യപ്പ. അങ്ങനെ ഈ വര്ഷത്തെ വൃശ്ചിക മാസ്സക്കാലം ഇതാ വന്നെത്തി. കാലാവസ്ഥ പെട്ടെന്ന് ഈ വിശുദ്ധ മാസ്സത്തെ വരവേല്‍ക്കാന്‍ തയ്യാരെടുത്തവണ്ണം എന്ന് തോന്നിക്കുമാറ് ചൂടില്‍ നിന്നു കുളിരിലെക്കും തണുപ്പിലേക്കും നീങ്ങി തുടങ്ങി. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ലക്ഷോപലക്ഷം ഭക്ത ജനങ്ങള്‍ ഇനി ഒരേ ഒരു ലക്ഷ്യം മാത്രം. ശബരിമാമല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളോട് തോളുരുമി പള്ളിക്കെട്ടുമായി നീലിമല ചവിട്ടുമ്പോള്‍ ഒരേ ഒരു മന്ത്രം മാത്രം - സ്വാമിയെ ശരണമയ്യപ്പ. അവിടെ പണ്ടിതനില്ല, പാമരനില്ല - എല്ലാം അയ്യപ്പന്മാര്‍ മാത്രം. പണക്കാരനും പാവത്താനും എല്ലാം കല്ലും മുള്ളും കാലിനു മെത്തയായി ചവിട്ടി കയറേണ്ടത് നീലിമല. കന്നി അയ്യപ്പന്മാര്‍ എന്ന് നിലക്കുന്നുവോ അന്നുവരെ ഭക്തരെ സേവിക്കാന്‍ കാത്തിരിക്കുന്ന കലിയുഗവരദന്‍ അയ്യപ്പന്‍. ഇനി ഉള്ള നാല്പത്തി ഒന്നു ദിവസ്സങ്ങള്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഒട്ടു മിക്ക അമ്പലങ്ങളിലും അയ്യപ്പന്മാരെയും ശരണം വിളികളെയും കേള്ക്കാം. ഗുരുസ്വാമിമാരുടെ നേത്രുത്വത്തില്‍ നടന്നു നീങ്ങുന്ന, വാഹനങ്ങളില്‍ ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന അയ്യപ്പന്മാര്‍ ഒരു നിത്യ കാഴ്ചയായിരിക്കും.
കാലം മാരിയതോട് കൂടി സൌകര്യങ്ങളും അതേപോലെ അസൌകര്യങ്ങളും കൂടി വന്നു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ പണ്ടത്തെ, അതായത് ഒരു പത്തു മുപ്പത്താറു കൊല്ലം മുന്പുള്ള ഒരു മണ്ഡല മാസ്സക്കാലത്തേക്ക് എന്റെ ഓര്‍മ്മകള്‍ ഓടി പോകുന്നു. വീടിലെ കാരണവന്മാര്‍ എല്ലാ വര്ഷവും മുടങ്ങാതെ ശബരിമലക്ക് പോകുന്നവര്‍. ആ വര്ഷം വൃശ്ചികം ഒന്നാം തിയതിയുടെ തലേ ദിവസ്സം കാലത്തു വീട്ടില്‍ ഏറ്റവും മൂത്ത കാരണവര്‍ സംസാരിക്കുന്നതു കേട്ടു, ഇത്തവണ രമേശനും മലക്ക് മാല ഇട്ടോട്ടെ. വൈകിട്ട് അച്ഛന്‍ വന്നപ്പോള്‍ ഒരു കൊച്ചു കറുത്ത ട്രൌസേരും ഒരു പുതിയ തുളസിമാലയും കയ്യില്‍ ഉണ്ടായിരുന്നു. കാലത്തു നാല് മണിക്ക് തന്നെ ഉണര്‍ത്തി എല്ലാവരും കൂടി അടുത്തുള്ള അവിട്ടത്തൂര്‍ ശിവ ക്ഷേത്രത്തിലേക്ക് ശരണം വിളികളുമായി നടന്നു നീങ്ങി. നട തുറന്നു, മേല്‍ശാന്തി പൂജിച്ചു തന്ന മാല ഗുരു സ്വാമി ശരണം വിളികളോടെ കഴുത്തില്‍ രണ്ടു മടക്കുകളായി ഇട്ടു തന്നപ്പോള്‍, അത് ഒരു ആജീവനാന്ത കാലം അയ്യപ്പനുമായിട്ടുള്ള കരാര്‍ ഒപ്പ് വക്കലാണെന്ന് അന്ന് ആ കൊച്ചു മനസ്സില്‍ എനിക്കറിയില്ലായിരുന്നു. അന്നത്തെ സൌകര്യമില്ലയ്മയില്‍ എത്ര ത്യാഗങ്ങള്‍ സഹിച്ചു എത്ര തവണ മല കയറി. അതിന് ശേഷം റോഡുകളായി, സൌകര്യങ്ങളായി, അതോടൊപ്പം ലക്ഷോപ ലക്ഷം ഭക്തരുമായി. അയ്യപ്പ സ്വാമിയേ കാണുക എന്നത് ഈ കഴിഞ്ഞു പോയ മുപ്പത്തിയാര് കൊല്ലകാലത്തിനുള്ളില്‍ ഒരു തപസ്യ എന്നുള്ളതില്‍ നിന്നു ഒരു ടൂര്‍ പ്രോഗ്രാം പോലെ ആയി തുടങ്ങി. പണ്ടു യാത്ര സൌകര്യങ്ങള്‍ ഇല്ലാതിരുന്ന സമയത്തു, വന്യ മൃഗങ്ങളെ പേടിച്ചു പതുക്കെ പതുക്കെ നടന്നു നീങ്ങി പതിനെട്ടാം പടി എത്താന്‍ ഏകദേശം ഒരു എട്ടു മണിക്കൂര്‍ എടുക്കുന്ന അവസ്ഥ. ഇന്നോ, ആയിരക്കണക്കിന് വാഹനങ്ങളുടെ കുരുക്കില്‍ പെട്ട് നീങ്ങാന്‍ പറ്റാതെ എങ്ങനെയെങ്കിലും ഒന്നു തൊഴാന്‍ സാധിക്കണേ എന്ന് കരഞ്ഞു പ്രാര്‍ത്തിച്ചു എത്തുമ്പോഴേക്കും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ തന്നെ കടന്നു പോയിരിക്കും.
വിശ്വാസ്സം മനുഷ്യനെ വളര്‍ത്തട്ടെ എന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഇത്രത്തോളം മതേതരത്വം ഉയര്ത്തി കാട്ടുന്ന ഈ പുണ്യ മാസ്സക്കാലത്തെ വിശുദ്ധിയെയും സല്ചിന്തകളെയും മാനവ രാശിയുടെ വളര്‍ച്ചക്ക് വേണ്ടി വിനിയോഗിക്കാന്‍ സര്‍വേശ്വരന്‍ എല്ലാവര്ക്കും ബുദ്ധിയും ശക്തിയും ആരോഗ്യവും നല്‍കട്ടെ എന്ന് ഒരുമയോടെ പ്രാര്‍ഥിക്കാം.
ഈ വേളയില്‍ ഞാന്‍ K J Yesudas പാടിയ ഒരു അയ്യപ്പ ഭക്തി ഗാനത്തിന്റെ വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു.
മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മണികണ്ടന്‍ വരുമെന്ന്
വിളിക്കൂ ശരണം വിളിക്കൂ വിളിക്കൂ ശരണം വിളിക്കൂ
മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മാലയിട്ടൂ വ്രതങ്ങള്‍എടുത്തു സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു
മലക്കുവരുന്നു ഞങ്ങള്‍
മനികണ്ടാ നീ നിത്യം വാഴും മന്ദിരമാക്കു മാനസം ദേവ
മനികണ്ടാ നീ നിത്യം വാഴും മന്ദിരമാക്കു മാനസം ദേവ
മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മനമാകും മരുഭൂവില്‍ ഭക്തി മലര്‍വാടി വളരാനായി വിരിയാനായ്
മനമാകും മരുഭൂവില്‍ ഭക്തി മലര്‍വാടി വളരാനായി വിരിയാനായ്
സല്ഗുനമാം മണിമലരുകള്‍ വിരിയാന്‍ സന്തതം ഉള്ളില്‍ ഇരിക്കൂ ദേവ
ശാസ്താവേ ശബരീശാ ദേവ ശാസ്താവേ ശബരീശാ
മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മണികണ്ടന്‍ വരുമെന്ന്
വിളിക്കൂ ശരണം വിളിക്കൂ വിളിക്കൂ ശരണം വിളിക്കൂ
സസ്നേഹം ഈ കൂട്ടായ്മയുടെ ഒത്ത്തോരുമക്കും വിജയത്തിനും ഓരോ ദിവസ്സവും ശക്തി നല്‍കണേ എന്ന് സമര്‍പ്പിച്ചു കൊണ്ടു,
രമേഷ് മേനോന്‍
15112008
p.s. അക്ഷരതെറ്റുകള്‍ പൊറുക്കുക - ഗൂഗിള്‍ ചേട്ടാ ചതിക്കല്ലേ.
Monday, October 6, 2008
നിങ്ങളെ ചിരന്ജീവികള്‍ ആക്കൂ
നമ്മള്‍ നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്തു മറന്നും കണ്ണടച്ചും കണ്ണടപ്പിച്ചും പോകുന്ന ചെറിയ കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ ചിന്തകള്‍ എന്ന പേരില്‍ എഴുതുന്നത്. എഴുതുമ്പോള്‍ ഒരു കാര്യം എന്നും മനസ്സില്‍ വക്കാറുണ്ട്, അത് എഴുതാനും എഴുതിയിട്ട് ഒരു തവണ നിങ്ങളുടെ സ്ഥാനത്ത് ഇരുന്നു വായിക്കാനും, അത് ആയിച്ചാല്‍ കിട്ടുന്ന നിങ്ങള്‍ വായിക്കാനും എടുക്കുന്ന ജീവിതത്തിലെ ഏതാനും നിമിഷങ്ങള്‍ പാഴായി പോകാതിരിക്കണേ എന്ന്.
ഇന്നു ഒരു നടന്ന സംഭവം ആവട്ടെ ഇവിടെ വിവരിക്കുന്നത്. എന്റെ പരിചയത്തില്‍ ഉള്ള ഒരു കക്ഷി കുറെ കാലം മുന്പ് ഇവിടെ ജീവിച്ചിരുന്നു. ജീവിച്ചിരുന്നു എന്നാല്‍ - ഇന്നു അദ്ദേഹം ഇല്ല എന്നത് തന്നെ. വന്നു, കഠിനമായ പരിശ്രമം കൊണ്ടു ഒരു പാടു പണം ഉണ്ടാക്കി. ഒരു താഴ്ന്ന കുടുംബത്തില്‍ നിന്നു വന്ന കക്ഷി കളയാന്‍ സമയം ആയപ്പോഴേക്ക് ഒരു പാടു നല്ല സ്ഥിതിയില്‍ എത്തിയിരുന്നു. സാധാരണ നടക്കുന്ന പോലെ, ഉയര്ന്ന ഒരു സാമ്പത്തിക സ്ഥിതിയില്‍ ഉള്ള ഒരു വീട്ടില്‍ നിന്നു കക്ഷി കല്യാണം കഴിച്ചു, ഇവിടെ തിരിച്ചെത്തി. കാര്യങ്ങള്‍ ഒക്കെ അപ്പോള്‍ മാറാന്‍ തുടങ്ങി. പുതിയ രീതികളും പുതിയ സമ്പ്രദായങ്ങളും പ്രാവര്‍ത്തികമായി വന്നു ജീവിതത്തില്‍. കുട്ടികള്‍ ഉണ്ടായി, വ്യവസായം വളര്ന്നു, വലിയ കാറുകളും ആയി. മുന്പ് ഉണ്ടായിരുന്ന ഇടത്തരക്കാരായ സുഹൃത്തുക്കള്‍ എല്ലാം വളരെ അകലത്തില്‍ ആയി പോയി ഇതിനകം. ഈ കാലയളവില്‍ തന്നെ അദ്ധേഹത്തിന്റെ സ്വന്തം വീട്ടുകാരില്‍ നിന്നും മാതാവില്‍ നിന്നും കക്ഷി അകന്നു പോയിരുന്നു. മുന്തിയ പള്ളിക്കൂടങ്ങളില്‍ ചേര്ന്നു പഠിക്കുന്ന കുട്ടികളോ, ആദംബരങ്ങളില്‍ മുഴുകി ജീവിക്കുന്ന ഭാര്യയോ ഇതൊന്നും ആലോചിക്കാന്‍ ഉള്ള മനസ്ഥിതി കാണിച്ചും ഇല്ല. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടായിരുന്നില്ല. സാഹചര്യം മാരിയതിനനുസരിച്ചു ഉയര്ച്ചകളുടെ പടി ചവിട്ടി കയറിയ അദ്ദേഹം താന്‍ വന്ന വഴി ഏതാണ് എന്ന് അവരോട് വിവരിക്കാന്‍ ഉള്ള സാഹചര്യം ഒട്ടും ഉണ്ടാക്കിയിരുന്നില്ല.
അങ്ങനെ കാലം കടന്നു പോയി, സംസ്കാരങ്ങളും മാറി മറിഞ്ഞു. നാടന് പകരം വിദേശിയും അയാളുടെ കയിലൂടെ മാറി ഒഴുകി കൊണ്ടിരുന്നു. മലയാളികളെയും അവരുടെ സാംസ്കാരിക വേധികളെയും ഗൌനിക്കാതെ ഗതി നിയന്ത്രണമില്ലാത്ത ആ കുത്തൊഴുക്കില്‍ അയാളുടെ മനസ്സിനുള്ളിലെ കൊഴുപ്പിന്റെ കൂടെ കൊളസ്ട്രോള്‍ എന്ന ഒരു കൊഴുപ്പും കൂടുന്നുണ്ടായിരുന്നു. ഒരു ദിവസ്സം ജോലി സ്ഥലത്തു വച്ചു പെട്ടെന്ന് ഒരു നെഞ്ചു വേദന വന്ന കക്ഷിയെ സാധാരണക്കാരായ കൂലിക്കാര്‍ എടുത്തു പിക്ക് അപ് വാനില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. വേദന കൊണ്ടും മരണ ഭയം കൊണ്ടും പുള്ളിക്കാരന്‍ ആദ്യം വിളിച്ചത് അമ്മേ എന്നായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശരീരത്തിന്റെ ഒരു ഭാഗം എന്നേക്കും ആയി തളര്‍ന്നു പോയിരുന്നു കക്ഷിയുടെ. ഏതാനും ആഴ്ചകളുടെ പരിചരണം ഇവിടെ കഴിഞ്ഞപ്പോഴേക്കും ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമായി കഴിഞ്ഞിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ നടത്താന്‍ ആരും ഇല്ല എന്ന് കണ്ട അവര്‍ അതിന്റെ കാര്യങ്ങളും ആയി ഇവിടെ സമയം വിനിയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഏതാനും പഴയ പരിചയക്കാര്‍ ഇടപ്പെട്ട് കക്ഷിയെ നാട്ടിലുള്ള ഒരു സ്വകാര്യ ധര്‍മ ആശുപത്രിയിലേക്ക് മാറ്റി. അവിടെയുള്ള അദ്ധേഹത്തിന്റെ അവസാന നാളുകളില്‍ ശുശ്രൂഷിക്കാന്‍ ഉണ്ടായിരുന്ന സന്യാസിനിമാരുടെ കൂട്ടത്തില്‍ അദ്ധേഹത്തിന്റെ സ്വന്തം അമ്മയും ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ തനിക്ക് നോക്കാന്‍ ഭാരം എന്ന് തോന്നി ആ മഠത്തില്‍ ചേര്‍ത്ത അമ്മയുടെ വിലയേറിയ സമ്മാനം. മനസ്സില്‍ പല കാര്യങ്ങളും പറയാന്‍ ആ ജീവന്‍ അവസാന നാളുകളില്‍ തീര്ച്ചയായും തുടിചിട്ടുണ്ടാവും. പക്ഷെ ഒഴുകി വന്നിരുന്ന കണ്ണ് നീരുകള്‍ അല്ലാതെ വേറെ ഒന്നും ആ ശരീരത്തില്‍ നിന്നു സംമതത്തോട് കൂടി വന്നിരുന്നില്ല.
ഇതു ഒരു കക്ഷിയുടെ മാത്രം കഥയാവില്ല. നിങ്ങളില്‍ പലരും പലര്ക്കും ഇതേ പോലെ ഉള്ള അനുഭവങ്ങള്‍ തീര്‍ച്ചയായിട്ടും ഉണ്ടാവും. അത് എഴുതുകയും മറ്റുള്ളവര്‍ക്ക് അത് വായിച്ചു ആ അനുഭവം പങ്കു വക്കാന്‍ ഉള്ള അവസ്സരം ഉണ്ടാകുകയും വേണം. ഞാന്‍ ഇവിടെ മുന്‍പും എഴുതിയിട്ടുണ്ട് - ഒരു ഭാഷ അതിന്റെ സംസ്കാരത്തെ പ്രതിഫലിക്കുന്നു എന്ന്. മലയാളത്തില്‍ എഴുതിയാല്‍ ഒരു മലയാളിയുടെ കന്നുക്കളിലൂടെ ചിന്തിക്കാന്‍ വളരെ അനായാസ്സം കഴിയുന്നു. ഈയിടെ നടത്തിയ കുട്ടികള്‍ക്കായി ഉള്ള മല്‍സരത്തില്‍ എനിക്ക് ലഭിച്ചത് ആകെ ഒരു മലയാളം കവിത മാത്രം. കുട്ടികളില്‍ ഭാവന ശക്തി ഇല്ലാതായി വരികയാണോ. തീര്ച്ചയായും അല്ല. എന്നാല്‍ മലയാള ഭാഷ പഠിക്കാന്‍ അത് വായിച്ചു അതിന്റെ കഴിവുകളെ മനസ്സിലാക്കാന്‍ എത്ര പേര്‍ ശ്രമിക്കുന്നുണ്ട് ? ഇന്നലെ തന്നെ എഴുതിയ വിധ്യാരംബം എന്ന ചടങ്ങിനെ പറ്റിയുള്ള ചെറു ലേഖനം വായിച്ച പലരും അതിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ നന്നായിരുന്നു എന്ന് എഴുതിയിരുന്നു. കൂടാതെ വേറെ ചിലര്ക്ക് മലയാളത്തില്‍ എഴുതുന്നതില്‍ ഉള്ള പരിഭവങ്ങളും. GCC Malayalees എന്ന പേരുള്ള ഈ കൂട്ടായ്മയില്‍ എങ്കിലും മലയാളത്തില്‍ എഴുതിയില്ലെന്കില്‍ പിന്നെ എവിടെ എഴുത്തും ഞാന്‍ മലയാളം. പ്രതികരണം ഒരു വാക്കിലോ ഒരു വരിയിലോ ഒതുങ്ങിയാലും നിങ്ങളുടെ ആശയങ്ങള്‍ മനസ്സില്‍ മൂടി വക്കരുത്. പ്രതികരിക്കാതിരുന്ന വേദിയായാല്‍, നിങ്ങള്‍ തന്നെ നിത്യവും വരുന്ന ഈ വേദി പള്ളികളിലെ ശവക്കല്ലറകള്‍ പോലെ ആവും. ആരൊക്കെയോ വന്നു ഒന്നോ രണ്ടോ റോസ പൂക്കള്‍ വിതരിയിട്ടാല്‍ മരിച്ചു പോയ ജഡം ഉണ്ടോ അറിയുന്നു അവരുടെ വരവും അതിന്റെ ഉദ്ദേശവും. അതുകൊണ്ട് സുഹൃത്തുക്കളെ പ്രതികരിക്കൂ, സംവാദം ചെയ്യൂ, നിങ്ങളിലെ ജീവനും നിങ്ങളുടെ ചിന്തകളും നിങ്ങളെയും ചിരന്ജീവികള്‍ ആക്കൂ.
സസ്നേഹം,
രമേഷ് മേനോന്‍
06102008
Sunday, September 28, 2008
റമദാന്‍ ചിന്തകള്‍ 27
റമദാന്‍ ചിന്തകള്‍ 27
ഇന്നലെ വളരെ വലിയ ഒരു പോസ്റ്റ് കുറെ നാളുകള്‍ക്കു ശേഷം എന്റെ ഇംഗ്ലീഷ് ബ്ലോഗിന് വേണ്ടി ഞാന്‍ എഴുതുകയുണ്ടായി. ഇതിന് മുന്‍പും ഞാന് ഇവിടെ പറയുകയുണ്ടായി, ഓരോ ഭാഷയും അത് പ്രയോഗിക്കുന്ന സംസ്കാരത്തിന്റെ ഒരു പ്രതിനിധി ആണെന്ന്. ആ പോസ്റ്റ് വായിച്ചവാള്‍ മനസ്സിലാവും അതിന്റെ ശൈലിയും രീതിയും. അതില്‍ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു. ഒന്നു മരണവും, മറ്റൊന്ന് റോഡിലെ രീതികളും. ഓരോ ദിവസ്സം ചെല്ലും തോറും കാലത്തു വീട്ടില്‍ നിന്നു വണ്ടിയെടുത്തു ഇറങ്ങിയാല്‍ തിരിച്ചെത്തിയാല്‍ പറയാം എത്തി എന്ന രീതിയില്‍ ആയി കൊണ്ടിരിക്കുന്നു. പലരും ഓടിക്കുന്നത് കണ്ടാല്‍, അവര്‍ മാത്രമല്ല നമ്മളെയും ഇനി വീട് കാണിക്കില്ല എന്ന മട്ടിലാണ്. നമ്മള്‍ ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. എന്നാലും അണ്ണാരകണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ നമ്മള്‍ ആവുന്ന രീതിയില്‍ നമ്മളെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ബാക്കി എല്ലാ ദൈവ നിശ്ചയം.
ഈ റമദാന്‍ മാസം അവസ്സനത്തോട് കൂടി തന്നെ കുട്ടികള്‍ക്കായുള്ള ടാലെന്റ്റ് ഷെയര്‍ മല്‍സരവും നടക്കും. ഇതു അവര്‍ക്കായി ഒരുക്കിയിട്ടുള്ള സുവര്‍ണ അവസ്സരം ആണ്. സമ്മാനങ്ങള്‍ ഒന്നും തന്നെ ഇവിടെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും അവര്‍ക്കായി ഏതാനും നല്ല കാര്യങ്ങള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. എല്ലാവരും അതിന്റെ വിജയത്തിന് അകമഴിഞ്ഞ് സഹകരിക്കും എന്ന് വിശ്വസിച്ചു കൊണ്ടു,
സസ്നേഹം,
രമേഷ് മേനോന്‍
27092008
റമദാന്‍ ചിന്തകള്‍ 26
ഇനി ഏതാനും ദിവസ്സങ്ങള്‍ മാത്രം ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍. എന്റെ മനസ്സിലൂടെ കടന്നു വന്നു പോയും കൊണ്ടിരിക്കുന്ന ഏതാനും കുറെ ചിന്തകള്‍ നിങ്ങളിലേക്ക് പകര്ന്നു തരുവാന്‍ സാധിച്ചതില്‍ ഈശ്വരനോട് നന്ദി പറയുന്നു. ശന്കരാജാര്യര്‍ പണ്ടു പറഞ്ഞ പോലെ, സ്വയം ശര്‍ക്കര തീറ്റ നിര്‍ത്താന്‍ കഴിഞ്ഞതിനു ശേഷമേ ആ കുട്ടിയെ ഗുണദോഷിക്കാന്‍ പറ്റിയുള്ളൂ എന്നത് പോലെ ഞാനും ഈ മാസ്സക്കാലത്തെ എല്ലാ വിധ വൃധാനുഷ്ടാനങ്ങളും എന്നാല്‍ ആവുന്ന വിധത്തില്‍ എനിക്ക് വായിച്ചു മനസ്സിലാക്കാന്‍ പറ്റിയ വിധത്തില്‍ ആച്ചരിചത്തിനു ശേഷം മാത്രമേ ഇവിടെ ഈ ചിന്തകളുമായി വരാറുള്ളൂ. എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടയിരുന്നിട്ടുന്ടെന്കില്‍ നിങ്ങള്‍ അത് ക്ഷമിക്കും എന്ന വിശ്വാസവും ഉണ്ടായിരുന്നു.
പലപ്പോഴും നമ്മള്‍ നേരിട്ടു കാണുന്ന പല കാര്യങ്ങളും ആരും കാര്യമായി എടുക്കാറില്ല. കാരണം, അത് നമ്മളെ ബാധിക്കില്ല എന്നത് കൊണ്ടു തന്നെ. എന്നാല്‍ നമ്മളെ തട്ടുന്ന എന്തെങ്കിലും കാര്യം വന്നാല്‍ പിന്നെ നമ്മളിലെ പ്രതികരണ ശക്തി സാദാ കുടഞ്ഞു എഴുന്നേറ്റു പ്രസ്താവനകളും മരുപ്രസ്തവനകലുമായി മുന്നേറുന്നത് കാണാം.
ഈയിടെ ശാന്തി എന്ന കാരുണ്യ സംഘടനയുടെ അപേക്ഷയാണ് ഞാന്‍ ഇവിടെ പറഞ്ഞു വരുന്നതു. പാവങ്ങളും പണക്കാരും ആയ പലര്ക്കും ആപത്തു സമയത്തും ആശ്രയം ഇല്ലാത്തവരും ആയി വരുമ്പോള്‍ എത്തി ചേരുന്നത് ഇവരുടെ അടുത്താണ്. പല ഉദാഹരണങ്ങളും നേരില്‍ തന്നെ ഉണ്ട്. എന്നാലും അവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നതാണ് കേട്ട വിവരം. ഇവിടെ എഴുതാന്‍ കാരണം, ആരെങ്കിലും അവരെ സഹായിക്കണം എന്നുന്ടെന്കില്‍ ദയവായി മടിച്ചു നില്‍ക്കാതെ www.santhimedicalinfo.org എന്ന വെബ് സൈറ്റില്‍ പോയി അതില്‍ എഴുതിയിട്ടുള്ള രീതിയില്‍ നിങ്ങളാല്‍ ആവുന്ന വിധത്തില്‍ അവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
സസ്നേഹം,
രമേഷ് മേനോന്‍26092008
Friday, September 26, 2008
റമദാന്‍ ചിന്തകള്‍ 25
എപ്പോഴും എഴുതാന്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്. എഴുതാന്‍ തുടങ്ങുന്നതിനു മുന്പ് ഗുരുക്കന്മാരെ ഒന്നു സ്മരിക്കുക എന്ന കാര്യം. അത് കഴിഞ്ഞാല്‍ പിന്നെ മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ഏതെങ്കിലും ഒരു റെയില്‍വേ സ്റെശഷനില്‍ ട്രെയിന്‍ ഇറങ്ങി ഓടുന്ന യാത്രക്കാരന്റെ അവസ്ഥയാണ്. ഒഴുക്കിന് അനുകൂലമായി ആണ് അന്നത്തെ ചിന്തകള്‍ എങ്കില്‍ കാര്യങ്ങള്‍ പെട്ടെന്ന് എഴുതി തീരും. അല്ലെന്കിലോ ആ തിരക്കിനു എതിരെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ അവസ്ഥ ആയിരിക്കും ആ എഴുത്തിന്റെ ഗതി വേഗത്തിനും ലക്ഷ്യത്തിനും.
കുട്ടികളുടെ കാര്യം ആണല്ലോ ഇവിടെ ഈയിടെ ആയി കടന്നു വന്നിരുന്നത്. ഇന്നും അവരില്‍ നിന്നു തന്നെ തുടങ്ങാം. ഈ വരുന്ന മുപ്പതാം തിയതി നടത്താന്‍ പോകുന്ന കുട്ടികളുടെ മല്‍സരത്തെ പറ്റി ഇടയ്ക്ക് ഇവിടെ എഴുതാറുണ്ടല്ലോ. അതിന്റെ പണിപുരയില്‍ മുഴുകി നടക്കുന്ന ഈ സമയത്തു പല ആളുകളുമായും കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ആ വിഷയം കടന്നു വരാറുണ്ട്. പല മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങള്‍ ആണ് കിട്ടുന്നത്. ചിലത് കേള്‍ക്കുമ്പോള്‍ എനിക്ക് തീര്ത്തും ആശ്ചര്യം തോന്നുന്നു. കാരണം, അവര്‍ക്കൊക്കെ തങ്ങളുടെ കുട്ടികള്ക്ക് എന്താണ് കഴിവുകള്‍ ഉള്ളതെന്നോ എന്തിലാണ് വാസന ഉള്ളതെന്നോ ഒരു നിശ്ചയവും ഇല്ല. വേറെ ചിലര്ക്ക് - ഇതിനൊക്കെ സമയം എവിടെ എന്ന ചോദ്യവും. ബഹുജനം പല വിധം. എന്റെ ആത്മ ദൈര്യം കൈ വിടാതെ ഞാന്‍ മുന്നോട്ടു പോകുന്നു.
വേറെ ഒരു കാര്യം കണ്ടു വന്നത്, അടുത്ത് വരുന്ന അവധി ദിവസ്സം ആഘോഷിക്കാന്‍ വേണ്ടി ഒരുക്കം കൂട്ടുന്ന ആവശ്യത്തിലും അധികം സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചാണ്. ഏത് കമ്പോളങ്ങളില്‍ ആയാലും മാന്ദ്യം മാത്രമേ ഇപ്പോള്‍ കാണാന്‍ ഉള്ളു. ബാങ്ക് ആയ ബാങ്ക് എല്ലാം പലിശ നിരക്ക് കൂട്ടാന്‍ വേണ്ടി സന്ദര്‍ഭം കാത്തിരിക്കുന്നു. ചിലര്‍ ഒക്കെ കൂട്ടുകയും ചെയ്തിട്ടുണ്ട്. ഒരു നിലയിലും വില സൂചിക കുറയാന്‍ ഉള്ള സാദ്ധ്യതകള്‍ ഒന്നും തന്നെ ഇല്ല. വെളിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കാതെ അതിനെ അതിന്റെ പാട്ടിനു വിട്ടു കൊണ്ടു സ്വസ്ഥതയും സമാധാനവും ശാന്തിയും ഉള്ള നാളുകള്‍ക്കു വേണ്ടി കാരുണ്യവാനായ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ടു,
സസ്നേഹം,
രമേഷ് മേനോന്‍
25092008
Thursday, September 25, 2008
റമദാന്‍ ചിന്തകള്‍ 24
കുട്ടികളെ പറ്റി എത്ര പറഞ്ഞാലും എനിക്ക് മതി വരില്ല. കുട്ടികളുടെ ഭാവനയും ചിന്തയും എങ്ങനെ പോകുന്നു എവിടെയൊക്കെ സന്ച്ചരിക്കുന്നു എന്ന് നമ്മള്‍ പലപ്പോഴും അറിയാറില്ല. അറിയാന്‍ ശ്രമിക്കാരും ഇല്ല.
ഇന്നലെ നടന്ന ഒരു കാര്യം ഇവിടെ വിവരിക്കാം. ഇന്നലെ ഒരു സ്ഥാപനത്തിന്റെ ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ആയി ഒരു കൂടി കാഴ്ച ഉണ്ടായിരുന്നു ദുബായില്‍ വച്ചു. വഴിയിലെ തിരക്ക് കാരണം, ഉദ്ദേശിച്ച സമയത്തിലും വൈകി ആണ് അവിടെ എത്തിചേരാന്‍ സാധിച്ചത്. അദ്ധേഹത്തിന്റെ നിര്‍ബന്ധ പ്രകാരം അവരുടെ വീട്ടില്‍ വച്ചായി ഞങ്ങളുടെ കൂടി കാഴ്ച. ഒരു തമിള്‍ ബ്രാമണ കുടുംബം. നല്ല സ്വീകരണം, അങ്ങനെ ഞങ്ങള്‍ കാര്യങ്ങളിലേക്ക് കടന്നു. സംസാരിച്ച കൂട്ടത്തില്‍ എന്റെ സ്വകാര്യ കാര്യങ്ങളും ചര്‍ച്ചയില്‍ വന്നപ്പോള്‍ ഞാന്‍ നടത്തുന്ന ടാലെന്റ്റ് ഷെയര്‍ മല്സരത്തിന്റെയും വിഷയം കടന്നു വന്നു. അതിന്റെ ഒരു പരസ്യം ആയിട്ടുള്ള പേപ്പര്‍ ഞാന്‍ അദ്ധേഹത്തിനു വായിക്കാന്‍ കൊടുത്തു. അത് വായിച്ചു ഞങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ ഗൌരവമായി ചര്ച്ച തുടര്‍ന്ന്. അപ്പോള്‍ ആണ് അദ്ധേഹത്തിന്റെ കൊച്ചു മകള്‍ ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞു അങ്ങോട്ട് കയറി വന്നത്. കുറച്ചു നേരം അച്ഛന്റെ കൂടെ കളിച്ചു ആ കുട്ടി അവിടെ നിന്നു പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ആ വീട്ടിനുള്ളില്‍ നിന്നു ആ കുട്ടി വാശി പിടിക്കുന്നത് കണ്ടു. അമ്മയോട് പ്ലെയിന്‍ പേപ്പര്‍ ആവശ്യപ്പെട്ടിടുള്ള വാശിയാണ്. എങ്ങനെയോ എവിടെ നിന്നു ഒരു പേപ്പറും കണ്ടെത്തി ആ കുട്ടിയുടെ അച്ഛന്റെ അടുത്തേക്ക് കളര്‍ പെന്‍സിലുകളും ആയി അവിടെ ഇരുന്നു വരയ്ക്കാന്‍ തുടങ്ങി. ഒരു കയ്യില്‍ ഞാന്‍ അദ്ധേഹത്തിനു കൊടുത്ത ആ മല്‍സരത്തിന്റെ പേപ്പറും. ഞങ്ങളുടെ സംസാരം കഴിഞ്ഞപ്പോഴേക്കും അതില്‍ ഒരു നല്ല പൂമ്പാറ്റയെ വരച്ചു വച്ചിരുന്നു ആ കുട്ടി. കൊച്ചു കുട്ടികള്‍ എത്ര നിഷ്കളങ്കര്‍. അവരുടെ ലോകം എത്ര വലുതും.
ഈ റമദാന്‍ മാസ്സത്തില്‍ എല്ലാ കുട്ടികളുടെയും ഒരു നല്ല നാളെക്കായി ഈശ്വരന്‍ അവസ്സരം ഉണ്ടാക്കാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു,
സസ്നേഹം
രമേഷ് മേനോന്‍
2409008
റമദാന്‍ ചിന്തകള്‍ 23
ഈ വര്ഷത്തെ റമദാന്‍ പുണ്യ മാസ്സം ഏകദേശം കാലം കൂടാറായി. അവസ്സാനത്തെ പത്തു ദിവസ്സങ്ങളില്‍ എല്ലാവരും വിശുദ്ധിയുടെയും ഭക്തിയുടെയും പാരമ്യത്തില്‍ ആയിരിക്കും ഇപ്പോള്‍. നരക വസ്സത്തില്‍ നിന്നു മുക്തി ലഭിക്കാന്‍ ഉള്ള മാര്‍ഗങ്ങളും പ്രാര്‍ഥനകളും ആണല്ലോ ഈ സമയത്തു കൂടുതലായും ചെയ്തു വരുന്നതു. റോഡിലൂടെ ഉള്ള യാത്രയില്‍ കണ്ട കാഴ്ചകള്‍ തീര്ത്തും ഭയാനകമാണ്. കാറുകള്‍ അതിവേഗതയില്‍ ഓടിച്ചു പോകുന്നവര്‍, എന്തായാലും നരകത്തിലേക്ക് ഞങ്ങള്ക്ക് പോയെ തീരു എന്ന തീരുമാനത്തില്‍ ആണെന്ന് തോന്നുന്നു. പുറകില്‍ വന്നു ലൈറ്റ് അടിക്കുകയും, തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഓടിക്കുകയും ചെയ്യുന്നതും ഉള്ള കാഴ്ച സാധാരണം. ഇനിയുള്ള അവധി ദിനങ്ങളില്‍ ഈ തിടുക്കം എന്തായാലും നമുക്കു സഹിച്ചേ തീരു. അനുഭവം തന്നെ മനുഷ്യന്റെ വിലയേറിയ ഗുരുനാഥന്‍.
സസ്നേഹം
രമേഷ് മേനോന്‍
23092008
Tuesday, September 23, 2008
റമദാന്‍ ചിന്തകള്‍ 22
ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍ ഇനി ഏതാനും ദിവസ്സങ്ങള്‍ കൂടി മാത്രം. ഇവിടത്തെ ഗവര്‍മെന്റ് റമദാന്‍ അവധി ഇന്നലെ പ്രഖ്യാപിച്ചു. ഏകദേശം ഒരാഴ്ചക്കാലം ഗവര്‍മെന്റു ജോലിക്കാര്‍ക്ക് മുടക്കം. പലരും നാട്ടിലേക്ക് വണ്ടി കയറാന്‍ ഉള്ള ഒരുക്കത്തിലാണ്. അല്ലാത്തവര്‍ ഇവിടെ എങ്ങനെ ആഘോഷിക്കണം എന്ന ചിന്തയിലും.
ഇന്നലെ മനസ്സിന്റെ കളികളെ കുറിച്ചു ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. നേരത്തെയും എന്റെ ഇംഗ്ലീഷ് പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്ന, വീണ്ടും സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യമാണ് "മനസ്സിനുള്ളിലെ കളിയൊരുക്കം" എന്ന കാര്യം. ക്രിക്കറ്റ് എനിക്ക് ഇഷ്ടമുള്ള ഒരു കളിയാണ്. പലപ്പോഴും ജീവിതത്തിന്റെ കുറെ സമയം അത് കാണാനും കളിക്കാനും വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കാരും എന്റെ ശ്രദ്ധയില്‍ പെടുന്നവരാണ് പല്ലപ്പോഴും. അങ്ങനെ ഉള്ള രണ്ടു കളിക്കാരന് ശ്രീശാന്തും യുവരാജും. രണ്ടു പേരും അസ്സല്‍ കളിക്കാര്‍, പക്ഷെ പലപ്പോഴും ശ്രദ്ധ കളിക്കളത്തില്‍ ഉണ്ടാവാറില്ല. അത് ഉണ്ടായാല്‍ അവരെ വെല്ലാന്‍ ആര്ക്കും കഴിയില്ല. ആര് പന്തുകളില്‍ തുടര്‍ച്ചയായുള്ള സിക്സറുകളും ഹാട്രിക് കിട്ടുന്നതും എല്ലാം അതിന് ഉദാഹരണം. അത് ശ്രദ്ധ ഉണ്ടെങ്കില്‍ നടക്കുന്ന കാര്യം. അല്ലെന്കിലോ പോയ പോലെ യുവരാജന്‍ തിരിച്ചു വരുകയും പല്ലു എല്ലാം പുറത്തു കാട്ടി അടി തരാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ശ്രീശാന്തനും ചോദിച്ചു നടക്കുന്നത് കാണാം. അത് ക്രിക്കറ്റ് കളിയിലെ കാര്യം. നമുക്കു ഇക്കഴിഞ്ഞ ഒളിമ്പിക്സ് മല്‍സരത്തിലെ കാര്യം എടുക്കാം. 100 മീറ്റര്‍ ദൂരം വെറും ഒന്‍പതു സെക്കന്റ് കൊണ്ടു ഓടിയെത്തിയ ആ ഓട്ടക്കാരന്റെ മനസ്സിലെ കളികളും എന്തായിരിക്കാം. അതോ ആറടിയോളം ഉയരം ചാടിക്കടന്ന പോള്‍ വാള്‍ട്ട് താരത്തിന്റെ മനസ്സിലും എന്തായിരുന്നിരിക്കാം കളികള്‍.
ഇതെല്ലം കാണുമ്പോള്‍ ആ ഏതാനും സെക്കന്റ് നേരങ്ങളിലെ പോരാട്ടത്തിന് വേണ്ടി അവരുടെ മനസ്സില്‍ എത്ര കളികള്‍ മുമ്പെ നടന്നിരിക്കാം എന്ന് ഒന്നാലോചിച്ചു നോക്കി - അല്ലെങ്കില്‍ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം. നമ്മുടെ ജീവിതത്തിലും പല കാര്യങ്ങളും ഇതേ പോലെയാണ്. ഓരോ നിമിഷവും അതിന്റെതായ പ്രാധാന്യത്തോടെ ഉപയോഗിക്കാന്‍, വരന്‍ പോകുന്ന അവസ്സരത്തിന് വേണ്ടി തയ്യാറാവാന്‍ എന്നെന്നും മനസ്സാ ഒരുങ്ങി കൊണ്ടു മനസ്സും ശരീരവും ചിന്തകളും എല്ലാം സ്വരൂപിച്ചു കൊണ്ടു പെരുമാറാന്‍ ഈശ്വരന്‍ നമ്മള്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
സസ്നേഹം.
രമേഷ് മേനോന്‍
22092008
Monday, September 22, 2008
റമദാന്‍ ചിന്തകള്‍ 21
ഓരോ ദിവസ്സവും എഴുതാന്‍ ഇരിക്കുമ്പോള്‍ ഒരു തരം സന്കര്‍ഷം തോന്നാറുണ്ട് മാനസ്സിനു ചില കാര്യങ്ങളെ കൊണ്ടു. ചിലപ്പോള്‍ ചിന്തകള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ട് കോഴിക്കോട്ടേക്ക് പോകുന്നതും നിങ്ങള്ക്ക് കാണാം. മനസ്സു ഒരു മാന്ത്രിക കുതിരയാണ്. അത് എങ്ങനെ എവിടെ സന്ച്ചരിക്കും എന്ന് ആര്ക്കും പറയാന്‍ പറ്റില്ല. ഈ മനസ്സിനെ മനസ്സിന്റെ വിചാരത്തെ കടിഞ്ഞാന്‍ ഇടുക ആണല്ലോ ഒരു പരുധി വരെ ഉപവാസ്സത്തിലൂടെ നമ്മള്‍ സാധിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ വര്ഷത്തെ റമദാന്‍ മാസ്സം കഴിയും. എല്ലാവരും ഏകദേശം ഒരു ഉല്‍സവ ചിന്തകളിലേക്ക് നീങ്ങി തുടങ്ങി. വരാന്‍ പോകുന്ന ഒരാഴ്ചക്കാലത്തെ അവധി എങ്ങനെ ആഘോഷിക്കാം എന്നായിരിക്കും ഇപ്പോള്‍ ചിലരില്‍ ചിന്തകള്‍.
നമ്മള്‍ ഓരോ കാര്യങ്ങളും എടുത്തു ചാടി ചെയ്യുന്ന അവിവേകങ്ങള്‍ എത്ര ആപത്തുക്കള്‍ ആണ് വരുത്തി വയ്ക്കുന്നത് എന്ന് നിത്യേന നേരില്‍ കാണുന്ന വസ്തുത ആണല്ലോ. ഇന്നലത്തെ മാതൃഭൂമി പത്രം എടുത്തു നോക്കിയപ്പോള്‍ കഷ്ടം തോന്നി. പാകിസ്താനില്‍ ആക്രമണം, അബുധാബിയില്‍ അഗ്നി ബാധ, ഷാര്‍ജയിലും അഗ്നി ബാധ എന്ന് വേണ്ട ആകെ ആശാന്തിയും സമാധാനക്കെടും മാത്രമേ വായിക്കാന്‍ ഉള്ളു. ടീവി വച്ചപ്പോള്‍ ആകട്ടെ അതില്‍ കണ്ടതും വ്യത്യസ്തമല്ല വാര്‍ത്തകള്‍. എങ്ങനെ നമ്മള്‍ ഒരു കൂട്ടായ്മയിലൂടെ നമ്മളുടെ പരിസ്സരത്തു എങ്കിലും ഇതിന് ഒരു വ്യത്യാസ്സം വരുത്താം എന്ന് ചിന്തിച്ചു കൊണ്ടു,
സസ്നേഹം
രമേഷ് മേനോന്‍
21092008
Sunday, September 21, 2008
റമദാന്‍ ചിന്തകള്‍ 20
ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ ഭാഷ എങ്ങനെ മനുഷ്യന്റെ സംസ്കാര രീതിയെ പാട്ടിലാക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാഹചര്യം ഉണ്ടായി. ഭാഷയും സംസ്കാരവും പഠിക്കാന്‍ ഉള്ള വ്യഗ്രത ചിലരില്‍ ജന്മ സിദ്ധമാണ്. ചിലര്‍ വളരെ ലാഘവത്തോടെ ഭാഷകള്‍ പഠിച്ചു സംസാരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും. ഇവിടെ ഞാന്‍ താമസ്സിക്കുന്ന കെട്ടിടത്തിനടുത്ത് ഒരു പാകിസ്താനി ബാര്‍ബര്‍ ഉണ്ട്. ഇക്ബാല്‍ എന്നാണ് കക്ഷിയുടെ പേരു. പതിനെട്ടു കൊല്ലത്തോളം ആയി ഇവിടെ കട നടത്തുന്നു. രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള എന്റെ അവിടത്തെ സന്ദര്‍ശനം ഒരു സുഹൃദ് സമ്മേളനം കൂടി ആണ്. കാരണം, ആ രണ്ടു ആഴ്ചയില്‍ ചുട്ടു വട്ടത് നടന്ന കഥകള്‍ ഒക്കെ കക്ഷിക്ക് പറയാന്‍ ഉണ്ടാവും. മാറി മാറി കൊണ്ടിരിക്കുന്ന TV ചാനലുകളും വന്നു പോയി കൊണ്ടിരിക്കുന്ന ഇടപാടുകാരിലൂടെയും ആണ് കക്ഷി ലോക വിവരങ്ങള്‍ അറിയുന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ നാല് ഭാഷകള്‍ അസ്സലായി കൈകാര്യം ചെയ്യും. ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, അറബി എന്നിവയാണവ. നമ്മുടെ ഹിന്ദി ചാനലിലൂടെ ഭാരത സംസ്കാരത്തെ പറ്റി നല്ല വിവരവും വിജ്ഞാനവും ഉണ്ട് കക്ഷിക്ക്. അതെ പോലെ തന്നെ അസ്സല്‍ മലയാളവും. എന്ത് രാഷ്ട്രീയ സംഭവം നടന്നാലും അതിന്റെ ഗതി എങ്ങനെയാവും എന്ന് ഒരു ഏകദേശ രൂപം ആള്‍ വിവരിക്കും.
ഓരോ അവ്സ്സരവും അവനവനു ഉതകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഞാന്‍ കക്ഷിയിലൂടെ മനസ്സിലാക്കുന്നത്. മാത്രമല്ല, ഒരു ഭാഷ ഒരു സുഹൃത്തിനെയും അവന്റെ സംസ്കാരത്തെയും കൂടുതല്‍ അറിയാന്‍ ഒരു അവസ്സരം കൊടുക്കുന്നു എന്നത്. ഈ ഉദഹരണം തന്നെ നമ്മുടെ ഇടയില്‍ ഇപ്പോള്‍ വളര്ന്നു വരുന്ന പല ഇമെയില്‍ ഗ്രൂപ്പുകളെയും എടുത്തു നോക്കിയാല്‍ കാണാം. പലതിലും പല സമയത്തും നടക്കുന്ന സംവാദങ്ങള്‍ ലക്ഷ്യമില്ലാത്തവ. വെറുതെ ഒരു നേരം പോക്ക് എന്ന് പറയാം. അതെ സമയം ചിലതിലെല്ലാം വളരെ കൃത്യതയോടെ മനുഷ്യന്റെ നന്മയെ നേരില്‍ കണ്ടു കൊണ്ടു മാത്രം ലക്ഷ്യത്തോടെ ഉള്ളവ. അങ്ങനെ ഉള്ള ഒരു ഗ്രൂപ്പ് ആയ GCCMalayalees@yahoogoup.com ഇന്നു നാലാം പിറന്നാള്‍ ആഘോഷിക്കയാണ്. എന്റെ കഥയിലെ ബാര്‍ബറും ഇടപാടുകാരും പോലെ അവിടെ വന്നും പോയിയും കൊണ്ടിരിക്കുന്ന ഒത്തിരി വിജ്ഞാന പ്രധമായ ഈമെയിലുകള്‍ അതിലെ എല്ലാ വായനക്കാരെയും അറിവിന്റെ പുതിയ മേഘലയിലേക്ക് സര്‍വേശ്വരന്‍ നിത്യവും കൊണ്ടെതിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു
സസ്നേഹം
രമേഷ് മേനോന്‍
20092008
Saturday, September 20, 2008
റമദാന്‍ ചിന്തകള്‍ 19
പുണ്യ മാസ്സമായ റമദാന്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വിശ്വാസിക്കള്‍ എല്ലാവരും കഴിഞ്ഞ ദിവസ്സങ്ങളിലെ ഉപവാസ്സത്തില്‍ നിന്നു നേടിയ ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടു തങ്ങള്ലാല്‍ ആവുന്ന വിധത്തില്‍ സാധുക്കളെ സഹായിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
എന്റെ ഈ ചിന്തകള്‍ മലയാളത്തിലെ വായനക്കാര്‍ വായിക്കുന്നതും അഭിപ്രയാം രേഖപ്പെടുത്തുന്നതും കണ്ട ചില മറ്റു ഭാഷ സുഹൃത്തുക്കള്‍ ഇതിന്റെ ഒരു പരിഭാഷ ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ബ്ലോഗില്‍ ഇടാമോ എന്ന് എന്നോട് ഈയിടെ അന്വേഷിക്കുക ഉണ്ടായി. അപ്പോള്‍ സമയ പരിമിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തയ്യാറാക്കാം എന്നതായിരുന്നു എന്റെ അവരോടുള്ള മറുപടി. ഈയടുത്ത divassam കുറച്ചു ഒഴിവു കിട്ടിയപ്പോള്‍ ശ്രമിച്ചു നോക്കാം എന്ന് കരുതി. അപ്പോള്‍ ആണ് ഒരു പ്രധാന കാര്യം എനിക്ക് മനസ്സിലായത്, മലയാളത്തില്‍ എഴുതുന്ന ഒരു മലയാളിയുടെ കണ്ണുകളിലൂടെ നോക്കുന്ന പല ചിന്തകളും കാഴ്ചകളും ഇംഗ്ലീഷ് ഭാഷയില്‍ ഒരു വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് മുന്നില്‍ വന്നത്. ഭാഷയും സംസ്കാരവും എത്ര മാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള കാര്യം അവിടെ ഉയര്ന്നു വന്നു. അത് പല വ്യത്യസ്ത ചിന്തകളും മുന്നില്‍ ഇട്ടു തന്നു. അടുത്ത ലക്കങ്ങളില്‍ അതിലേക്കു കടക്കാം.
സസ്നേഹം,
രമേഷ് മേനോന്‍
19092008
Friday, September 19, 2008
റമദാന്‍ ചിന്തകള്‍ 18
എത്ര വേഗം ദിവസ്സങ്ങള്‍ കടന്നു പോകുന്നു എന്നത് ആരും സാധാരണ ആലോചിക്കാറില്ല. ചിലപ്പോള്‍ കൈയിലെ പേര്‍സില്‍ വച്ചിരിക്കുന്ന നോട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നതു കാണുമ്പോള്‍ ആവും ഓ ഇന്നു റമദാന്‍ മാസ്സത്തില്‍ പതിനെട്ടാം തിയതി ആയല്ലോ എന്ന് ഓര്‍മ വരുന്നതു.
ഉപവാസ്സം ഭക്ഷണത്തില്‍ മാത്രമല്ല കണ്ണിലും കാതിലും സംസാരത്തിലും വേണമെന്നുള്ള കാര്യം മുന്പ് ഇവിടെ കടന്നു വന്നിരുന്നു. അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഉപവസ്സം എന്ന് പഠിക്കാന്‍ ഉള്ള അവസ്സരം ഈ അടുത്ത് ദിവസ്സങ്ങളില്‍ എനിക്ക് കിട്ടി. തൊഴില്‍ ആവശ്യത്തിനായി ഇവിടെ നിന്നു വളരെ ദൂരെ ഉള്ള മരുഭുമിയില്‍ ഉള്ള ഒന്നു രണ്ടു സ്ഥലങ്ങളിലായിരുന്നു ഈയടുത്ത ദിവസ്സങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രധാന റോഡില്‍ നിന്നു വളരെ ഉള്ളില്‍ നീങ്ങി കുറച്ചു സുരക്ഷിത മേഖലയായ അവിടേക്ക് പോകുമ്പോള്‍ ആദ്യത്തെ നിര്‍ദേശം തന്നെ ക്യാമറ ഉള്ള മൊബൈല് പാടില്ല എന്നതാണ്. എന്നാല്‍ ശരി എന്ന് വിചാരിച്ചു പഴയ ഒരു മൊബൈല് എടുത്തു കയില്‍ ഉള്ള സിം കാര്ഡ് അതില്‍ ഇട്ടു ഇവിടെ നിന്നു പുറപ്പെട്ടു. റോഡില്‍ നിന്നു ദിശ മാറി വണ്ടി ഓടാന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഉള്ള സിഗ്നലും കിട്ടാതായി. പിന്നെ ഒരു ദിവസ്സം മുഴുവനും ആ മൊബൈല് അനങ്ങി ഇല്ല. . എത്ര ആശ്വാസ്സം ആയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ മൊബൈലിനു അന്ന് പൂര്‍ണ വിശ്രമം. എനിക്കും ഒരു മൊബൈല് ഉപവാസ്സം. എത്ര സമാധാനം. ആലോചിച്ചു പോയി, നമ്മള്‍ ടെക്നോളജി കൂടുതല്‍ വികസിപ്പിച്ചു കൊണ്ടുവരും തോറും അസ്വസ്ഥതകളും പ്രശ്നങ്ങളും കൂടുതലാക്കി കൊണ്ടുവരികയാണോ എന്ന്?
ഇന്നു മൊബൈല് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത ഒരു ജീവിതം ആര്ക്കും ആലോചിക്കാന്‍ പോലും വയ്യ!. അത് പറഞ്ഞപ്പോള്‍ ആണ് മൊബൈല് ഫോണും എസ് എം എസും നമ്മടെ കുട്ടികളുടെ ഇടയില്‍ സംഭാഷണം എത്രത്തോളം ചുരുക്കി വരുന്നു എന്ന കാര്യം. ഈ ഓണത്തിന് നാട്ടില്‍ വന്ന മാവേലിയുടെ ഫോണിലും കിട്ടി ഒരു എസ് എം എസ്. HOT എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ആകെ പകച്ചു പോയ മാവേലി അടുത്ത് നിന്ന കോളേജ് കുമാരനോട് ഇതു എന്താ മോനേ എന്ന് ചോദിച്ചു ? കേരളത്തില്‍ നല്ല മഴയാണല്ലോ എന്നിട്ടും ഇങ്ങനെ ഒരു മെസ്സേജ്! അപ്പോഴല്ലേ പയ്യന്‍ പറഞ്ഞു കൊടുത്തത് - മാവേലി മാഷേ ഇതു വെറും നിസ്സാരം - HOT എന്ന് പറഞ്ഞാല്‍ - ഹാപ്പി ഓണം തമ്പുരാനേ എന്നാണ് എന്ന്.
ഇനി എന്താ മൊബൈല് ഫോണില്‍ വരുക എന്ന് കാത്തിരിക്കാതെ തമ്പുരാന്‍ തന്റെ മൊബൈല് ഓഫ് ചെയ്തു ആ കുട്ടിക്ക് കൊടുത്തു പതുക്കെ നടന്നു നീങ്ങി.
ചുരുങ്ങി പോകുന്ന നമ്മുടെ വാര്ത്താ വിനിമയ ശൈലി ഇനിയും ചുരുങ്ങാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു
സസ്നേഹം
രമേഷ് മേനോന്‍
18092008
Thursday, September 18, 2008
റമദാന്‍ ചിന്തകള്‍ 17
പുണ്യ മാസ്സമായ റമദാനിലെ പതിനേഴാം ദിവസ്സത്തെ ചിന്തകള്‍ എഴുതാന്‍ ഇരുന്നപ്പോള്‍ ചിട്ടകളെയും രീതികളെയും അവ നമ്മള്‍ എങ്ങനെ കാണുന്നു എങ്ങനെ അറിഞ്ഞോ അറിയാതെയോ പ്രാവര്‍ത്തികമാക്കുന്നു എന്ന വിഷയമാണ് മുന്നില്‍ വന്നത്.
ഈ വിശുദ്ധമായ സമയത്തു കുട്ടികള്ക്ക് കൈ വരുന്ന വലിയ ഒരു ഭാഗ്യം അവര്ക്കു തങ്ങളുടെ കാരണവന്മാരുടെ കൂടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥന ചെയ്യാന്‍ അവസ്സരം കിട്ടുന്നു എന്ന വസ്തുതയാണ്. എത്ര ചിട്ടയായ രീതിയിലാണ് ആ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു വ്യത്യാസ്സവുമില്ല. ഇതു കുട്ടികളില്‍ ചെറുപ്പത്തിലെ തന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ വേണ്ടി വളരെ വലിയ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ്. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകള്‍ ജീവ ചരാച്ചരങ്ങളില്‍ എത്രക്ക് സ്വാധീനം വരുത്തുന്നു എന്നത് ഒരു ഉദാഹരണം ഇവിടെ പറയാം.
പക്ഷികളെയും മൃഗങ്ങളെയും മരങ്ങളെയും ഒക്കെ ഒരു പാടു സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നേരത്തെ ഒരു ലേഖനത്തില്‍ ഇവിടെ എഴുതിയ പ്രകാരം വെള്ളിയാഴ്ചകളില്‍ എന്റെ യാത്രകള്‍ എനിക്ക് പല പുതിയ സുഹൃത്തുക്കളെയും തരാറുണ്ട്. പലപ്പോഴും അവരില്‍ ചിലര്‍, ഇവിടത്തെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ആണ്. പാകിസ്ഥാനില്‍ നിന്നും നേപാളില്‍ നിന്നും ഒക്കെ ഇവിടേയ്ക്ക് ജോലിക്ക് വന്നു ചെറിയ ശമ്പളത്തില്‍ പണി എടുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യര്‍. പലപ്പോഴും അവരോട് ഉള്ള സൌഹൃദ സംഭാഷണം അവരുടെ ജീവിത രീതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും എന്നെ സഹായിക്കാറുണ്ട്. അവര്ക്കും അങ്ങനെ തന്നെ എന്നെ പറ്റിയും മനസ്സിലാക്കാന്‍ ഇട കിട്ടാറുണ്ട്. അങ്ങനെ ചില കൂട്ടര്‍ എനിക്ക് ചിലപ്പോള്‍ ചില പക്ഷികളെ തരാറുണ്ട് വളര്‍ത്താന്‍. ഒരു തവണ അങ്ങനെ കിട്ടിയ ഒരു തത്ത എന്റെ വീടിലെ പ്രധാന അംഗം ആണ് ഇപ്പോള്‍. ഏകദേശം ഒരു മൂന്ന് കൊല്ലത്തോളം ആയി കക്ഷി എന്റെ കൂടെ ആയിട്ട്. ഒരു വിധം നന്നായി സംസാരിക്കും - ഞാന്‍ വിളിക്കുന്നത് പോലെ എല്ലാം തിരിച്ചു ചൂളം വിളിക്കുകയും ചെയ്യും. അങ്ങേര്‍ക്കു ഒരു കൂട്ടുകാരിയെ കണ്ടു പിടിക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് ഈയിടെ ആ കൂട്ടുകാര്‍ എനിക്ക് മറ്റൊരു തത്തയെ കൂടി തന്നു. അതിലും ഒരു കാര്യം പ്രത്യേകതയുണ്ട്. അവരുടെ നിത്യേന ഉള്ള ജോലിയുടെ ഇടയില്‍ പല തരം തത്തകള്‍ അവരുടെ കൈ വശം വന്നു പെടാറുണ്ട്. എന്നാലും ഇണങ്ങും എന്നും എന്തെകിലും പഠിക്കാന്‍ ഉള്ള ബുദ്ധി ഉണ്ട് എന്ന് അവര്ക്കു തോന്നുന്നതിനെ മാത്രമേ അവര്‍ എനിക്ക് തരുകയുള്ളൂ. അങ്ങനെ ഈ കക്ഷിയെ വീട്ടില്‍ കൊണ്ടു വന്നു. സാധാരണ എല്ലാ ദിവസ്സവും രാവിലെയും വൈകീട്ടും ഞാന്‍ അവരെ വീട്ടില്‍ അഴിച്ചു വിടും. ഒരു രണ്ടു മൂന്നു ദിവസ്സം എന്ത് കൊണ്ടോ എനിക്ക് രാവിലെയും വൈകീട്ടും ഇവരെ അഴിച്ചു വിടാന്‍ പറ്റിയില്ല. പതിവു പോലെ പഴയ തത്ത അതിന്റെ രീതിയില്‍ വിളിച്ചു എന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു നോക്കി. ഇതിനിടയിലാണ് ഞാന്‍ ഒരു പുധിയ ശബ്ദം കേള്‍ക്കാന്‍ ഇടയായത്. കാക്കയും പൂച്ചയും കരയുന്ന അത് പോലെ ഉള്ള ശബ്ദം. നോക്കിയപ്പോള്‍, നമ്മുടെ പുതിയ കക്ഷിയുടെ വേലയാണ്. ഇതു എങ്ങനെ ഒപ്പിച്ചു എന്ന് അറിയാന്‍ എനിക്ക് ഇതു തന്നവരെ പിന്നീട് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോള്‍ ആണ്, അവരുടെ താമസ്സ സ്ഥലത്തു, കുറച്ചു കാക്കകളെയും കുറച്ചു പൂച്ചകളെയും അവര്‍ കൂട്ടില്‍ ഇട്ടു വളര്തുന്നുണ്ടാത്രേ. അങ്ങനെ കേടു പഠിച്ചതാണ് ഈ ശബ്ദങ്ങള്‍. ഈ മിണ്ടാ പ്രാണികളുടെ രീതികളും കുട്ടികളുടെ രീതികളും ഏകദേശം ഒരേ പോലെ കണക്കാക്കാം. നമ്മള്‍ അറിയാതെ അവര്‍ നമ്മളില്‍ നിന്നു പലതും ഉള്‍ക്കൊള്ളുന്നുണ്ട്. അത് നല്ലത് മാത്രമാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്തിച്ചു കൊണ്ടു,
സസ്നേഹം,
രമേഷ് മേനോന്‍
17092008
Wednesday, September 17, 2008
റമദാന്‍ ചിന്തകള്‍ 16
റമദാന്‍ മാസ്സ്സത്തിലെ ചിന്തകളുടെ പതിനാറാം അദ്ധ്യായം എഴുതാന്‍ ഇരുന്നപ്പോള്‍ ഒരു ദുഃഖ വാര്‍ത്തയാണ് ആദ്യം അറിഞ്ഞത്. ഷാര്‍ജയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഒരു കൊച്ചു ബാലന്‍ ഇന്നലെ കൊല്ലപ്പെട്ടു. ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ടു ഒരു കുരുന്നു ജീവന്‍ ഈ ലോകത്തില്‍ നിന്നു അകാലത്തില്‍ പൊലിഞ്ഞു പോയി. ആ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ടു ഇന്നത്തെ വിഷയത്തിലേക്ക് കടക്കട്ടെ.
ഇന്നും ചിന്തകള്‍ കുട്ടികളില്‍ തന്നെ ഒതുങ്ങി നില്ക്കുന്നു. ഈ പുണ്യ മാസ്സത്തില്‍ കുട്ടികള്‍ എങ്ങനെ റമദാന്‍ മാസ്സത്തിന്റെ ചിട്ടകളെ കാണുന്നു എന്ന വിഷയം ഈയിടെ ഇവിടത്തെ പല പത്രങ്ങളിലും എഴുതി കണ്ടു. പലര്ക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. ഒരു പാടു കുട്ടികള്ക്ക് തങ്ങളുടെ പിതാക്കന്മോരോടൊപ്പം നിത്യവും പള്ളിയില്‍ നിസ്കരിക്കാന്‍ പോകാന്‍ കിട്ടുന്ന ഒരു അസുലഭ അവസ്സരം. ചിലര്ക്ക് കൂടുക്കാരുമായി നോമ്പ് തുറക്കാന്‍ ഉള്ള അവസ്സരം. ചിലര്ക്ക് ഉപവാസ്സം എങ്ങിനെ എന്നതിന്റെ ആദ്യ പാഠങ്ങള്‍. എല്ലാം വിലയേറിയ അനുഭവങ്ങള്‍. കുട്ടികളെ നല്ല പൌരന്മാരാക്കി വളര്‍ത്താന്‍ ഉതകുന്ന ചെറിയ കാല്‍ വെയ്പ്പുകള്‍. എല്ലാം ഒരു നല്ല നാളേക്ക് ഉള്ള കാല്‍ വെയ്പ്പുകള്‍ ആവട്ടെ.
ഈ റമദാന്‍ മാസ്സത്തില്‍ കണ്ടു വരുന്ന ഒരു അപകടകരമായ കാര്യമാവട്ടെ രണ്ടാമത്തെ വിഷയം. എല്ലായിടത്തും പ്രത്യേക വില കിഴിവ്. കൂടാതെ തവണകളായി അടക്കാന്‍ ഉള്ള അവസ്സരവും. കുറച്ചു കൂടുതല്‍ ചിന്തിച്ചാല്‍, ഈ ഒരു മാസ്സത്തിനിടയില്‍ കുറച്ചു പേരെന്കിലും കൂടുതല്‍ കടക്കാരായി തീരും ഈ വില്പന തന്ത്രങ്ങളിലൂടെ.
മറ്റൊരു ആപത്തു - വളരെ കൂടിയ ഇനം - ഈ റമദാന്‍ മാസ്സത്തില്‍ ആളുകള്‍ റോഡുകളില്‍ കാണിച്ചു കൂട്ടുന്ന മത്സര പ്രവണതയാണ്. ഈയിടെ അബുധാബിയില്‍ നിന്നു എമിരേറ്റ്സ് റോഡ് വഴി ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഇടയായപ്പോള്‍ അഞ്ചു വലിയ അപകടങ്ങളാണ് നേരിട്ടു കാണാന്‍ ഇടയായത്. ഈ അപകടങ്ങള്‍ നേരിട്ടു കണ്ടിട്ടും ചില ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നു എന്നത് അത്യതികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എങ്ങനെ ഈ പ്രവണതയെ ഇല്ലാതാക്കാം എന്ന് എല്ലാവരും ചിന്തിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരു പരുതി വരെ കുറവ് വന്നേനെ.
ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു
സസ്നേഹം
രമേഷ് മേനോന്‍
16092008
Tuesday, September 16, 2008
റമദാന്‍ ചിന്തകള്‍ 15
എത്ര പെട്ടെന്ന് ഒരു മാസ്സതിന്റെ പകുതിയോളം എത്തി എന്ന കാര്യം ഒന്നു കൂടി ആലോചിച്ചുപോയി ഇതു എഴുതാന്‍ തുടങ്ങിയപ്പോള്‍.
ഇന്നലെ പറഞ്ഞു വന്നത് കുട്ടികളും അവരെപറ്റിയുള്ള കാര്യങ്ങളും ആയിരുന്നല്ലോ. ഇന്നും ആ വിഷയത്തില്‍ തന്നെ തുടരാം. പുകവലിയും മദ്യപാനവും കൂടി വരുന്നതായി നിത്യവും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ശരിയായ ദൃഷ്ടിയും ചൊല്ലുകളും അവയുടെ പ്രാധാന്യവും കുട്ടികളുടെ നേരായ വളര്‍ച്ചയില്‍ ഒരു പ്രധാന ഘടകം ആണ്.
ഒരു ചെറിയ ഉദാഹരണം ഇവിടെ എടുക്കാം. ഞാന്‍ താമസ്സിക്കുന്നതിനടുത്തായി ഒരു യുറോപ്യന്‍ രാജ്യക്കാരുടെ സ്കൂള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ക്ലാസ്സ് വരെ ഉള്ള ഒരു നല്ല സ്കൂള്‍. കാലത്തു വലിയ വലിയ കാറുകളില്‍ കുട്ടികള്‍ വരുമ്പോള്‍ തന്നെ അറിയാം അവരുടെ മാതാപിതാക്കളുടെ സമ്പത്ത് സമൃദ്ധിയുടെ വലുപ്പം. ഈ ഭാഗത്തേക്ക് സ്കൂള്‍ മാറ്റിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. കാലത്തു എട്ടു മണിക്ക് സ്കൂള്‍ തുടങ്ങിയാല്‍ കുറച്ചു കൂട്ടം കുട്ടികള്‍ സ്കൂളിന് വെളിയില്‍ ചുറ്റിപറ്റി നടക്കുന്നത്. മുന്നിലുള്ള വലിയ കെട്ടിടങ്ങളുടെ ഇടയിലും ഇവരെ കാണാന്‍ തുടങ്ങി. കുറച്ചു ദിവസ്സം കൂടി ശ്രദ്ധിച്ചപ്പോള്‍ ഇവരുടെ ഒക്കെ കൈവശം സിഗരറ്റും കാണാമായിരുന്നു. ആണും പെണ്ണും വ്യതസ്സമില്ലാതെ വലിച്ചു തള്ളുന്നു. അവരുടെ സംസ്കാരം അങ്ങനെയാവാം എന്ന് കരുതി കുറച്ചു ദിവസ്സം ക്ഷമിച്ചു. പിന്നെ നോക്കിയപ്പോള്‍ ഇവര്‍ ബില്ടിങ്ങുകളുടെ ഉള്ളിലായി സഹവാസം. ഏണി പടികളും ഇവര്ക്ക് വാസ സ്ഥലമാവാന്‍ തുടങ്ങി എന്ന് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ ഒരു ദിവസ്സം സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പുറമെ നിന്നുള്ള കുട്ടികളും ഇവരുടെ കൂടെ കണ്ടു തുടങ്ങിയപ്പോള്‍ എന്തോ ഒരു ഭയം തോന്ന്നിയിരുന്നു. ആ സ്കൂള്‍ അധികൃതരില്‍ നിന്നു മറുപടി കിട്ടിയത് - സ്കൂളിന്റെ ഗേറ്റിനു പുറത്തു അവര്‍ എന്ത് ചെയ്താലും അതില്‍ അവര്ക്കു ഉത്തരവാദം ഇല്ല എന്ന വാദം ആയിരുന്നു.
അപ്പോള്‍ പിന്നെ നേരിട്ടു തന്നെയാവാം നമ്മുടെ പരിപാടികള്‍ എന്ന് നിശ്ചയിച്ചു. ഓരോ ബില്ടിങ്ങിന്റെയും കാവല്‍ക്കാരെ കണ്ടു ഇങ്ങനെ കുട്ടികള്‍ അവിടെ വന്നിരിക്കാന്‍ തുടങ്ങിയാല്‍ വരാന്‍ സാധ്യതയുള്ള ആപത്തുകളെ പറ്റി പറഞ്ഞു മനസ്സിലാക്കി. കാലത്തു പതിവുപോലെ ഏണി ചുവട്ടിലേക്ക് വിശ്രമിക്കാനും പുകവലിക്കാനും ആയി വരുന്ന കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. ആ സ്കൂളിലെ അല്ലാത്ത കുട്ടികളോട് പ്രത്യേകം പറഞ്ഞു മനസ്സിലാകുകയും ചെയ്തു. കുറച്ചു അധികം ഭുദ്ധിമുട്ടിയെന്കിലും ഇപ്പോള്‍ ആ വരവും മുഴുവനായും നിര്‍ത്താന്‍ സാധിച്ചു എന്ന് തന്നെ പറയാം.
ആശ്വസ്സത്തോടെ റമദാന്‍ മാസ്സത്തില്‍ അങ്ങനെ ഇരിക്കുമ്പോള്‍ അതാ കാണുന്നു. അവിടത്തെ അധ്യാപകര്‍, കുട്ടികളെ വെട്ടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്നു പുകവലിക്കുന്നു. അവരുടെ ധാരണ അത് ആരും കാണുന്നില്ല എന്നാണെന്ന് തോന്നുന്നു. അവരറിയുന്നുണ്ടോ ചുറ്റും ഉള്ള പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ ഉള്ളവരെല്ലാം അവരെ ശ്രദ്ധിക്കുന്ന കാര്യം. എന്താണ് മനുഷ്യനില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി അറിയാമായിട്ടും അത് തെറ്റിക്കാന്‍ ഉള്ള വ്യഗ്രത ഉണ്ടാവുന്നത്?. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്താ ചെയ്യാ അല്ലെ? അതിനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍.
സസ്നേഹം,
രമേഷ് മേനോന്‍
150920008
Monday, September 15, 2008
റമദാന്‍ ചിന്തകള്‍ 14
റമദാന്‍ മാസ്സം പതിനാലാം ദിവസ്സത്തിലേക്ക് കടന്നപ്പോള്‍ ഇന്നത്തെ ചിന്തകള്‍ എങ്ങനെ തുടങ്ങാം എന്ന് ആലോചിച്ചപ്പോള്‍ പ്രശസ്തമായ ഒരു പാട്ടാണ് ഓര്മ വന്നത്. പതിന്നാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ എന്ന ഗാനം. ആ പാട്ടിന്റെ ഒരു രംഗങ്ങളും അല്ല ഇവിടെ വിവരിക്കാന്‍ പോകുന്നത്. നമ്മുടെ സംസ്കാരവും രീതികളും എങ്ങിനെ മരിച്ചു പോകാതെ നില നിര്‍ത്താം എന്ന ചിന്ത. കുട്ടികള്‍ തന്നെ അതിലേക്കുള്ള ഏക മാര്‍ഗം.
ഇന്നലെ ഇവിടത്തെ അതി പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ പോകാന്‍ ഇടയായി. ഇന്ത്യയില്‍ പേരു കേട്ട ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസ്സരം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. അവര്‍ ഇവിടെ തുറന്നപ്പോള്‍ അതിന്റെ എല്ലാ വിധ ഗുണമേന്മകളും നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഫീസ് കുറച്ചു കൂടുതലായിട്ടുള്ള ആ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ എല്ലാം സാമ്പത്തികമായി ഉയര്ന്ന തരക്കാര്‍. വരുന്നതു വില കൂടിയ കാറുകളില്‍.
ഈ റമദാന്‍ മാസ്സക്കാലത്ത് പുകവലി നോയമ്പ് സമയത്തു നിരോധിച്ചിട്ടുള്ള വസ്തുതയാണ് എന്നറിഞ്ഞിട്ടും പലരും പുറത്തു നിന്നു പുകവലിക്കുന്നത് കാണാമായിരുന്നു. കുട്ടികളില്‍ പുകവലിയും മദ്യപാനവും ഇന്നു സുഹൃത്തുക്കളുടെ ഇടയില്‍ സ്ഥാനമാനത്തിനു വേണ്ട ഒരു ഘടകം ആയോ എന്ന തോന്നല്‍ ആണ് അപ്പോള്‍ എനിക്ക് ഉണ്ടായത്. അതോ ആ സര്‍വകലാശാലയിലെ പഠിത്തവും ജീവിതവും അവരെ അത്രയ്ക്ക് വലക്കുന്നുണ്ടോ?
സസ്നേഹം,
രമേഷ് മേനോന്‍
14092008
Saturday, September 13, 2008
റമദാന്‍ ചിന്തകള്‍ 13
ഇത്ര പെട്ടെന്ന് വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിമൂന്നു ദിവസ്സങ്ങള്‍ കടന്നു പോയി എന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഒരു നിലക്ക് നോക്കിയാല്‍ കാലം ഇപ്പോള്‍ അതിന്റെ ഗതി വേഗം കൂട്ടിയ മട്ടാണ്. എല്ലാത്തിനും ആര്ക്കും ഒരു ക്ഷമ ഇല്ല. എല്ലാ കാര്യങ്ങളും ഇന്നലെ നടക്കണം എന്ന മട്ടിലാണ് ഇവിടത്തെ പോക്ക്. ഈ പോക്ക് പല സമയങ്ങളിലും പലരെയും പല അപകടത്തിലും ചെന്നു ചാടിക്കുന്നുണ്ട്. ഓര്മ്മ വരുന്നതു എന്റെ ഒരു പഴയ മാനേജര്‍ ഫാക്സ് മഷീനില്‍ പ്രധാന കാര്യങ്ങള്‍ ഒപ്പിട്ടു അയക്കുന്നതിനെ പറ്റിയാണ്. ഒരിക്കല്‍ ഏത് കടലാസ്സും അതിന്റെ ഉള്ളിലൂടെ കയറി ഇറങ്ങിയാല്‍ പിന്നെ അതില്‍ എഴുതിയിട്ടുള്ള തെറ്റുകളെ പറ്റി ഓര്‍ത്തു വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല. കാരണം, അത് നിങ്ങളുടെ കൈ വിട്ടു പോയി കഴിഞ്ഞു . മനുഷ്യന്റെ ദൈന്യംദിന ജീവിതത്തിലെ ക്രയവിക്രയങ്ങളും ഇതു തന്നെ.
കുട്ടികളെ പറ്റി ഇന്നലെ എഴുതിയ ചിന്തയില്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഉപവാസ്സം, കണ്ണിനും കാതിനും വായക്കും കൂടി വേണം എന്ന കാര്യം. അത് പലരും സൗകര്യം പോലെ മറക്കും അല്ലെങ്കില്‍ മറന്നു എന്ന് നടിക്കും. എനിക്ക് ദിവസേന കാണുന്ന ഒരു സുഹൃത്ത് ഉണ്ട്. ആരെ കണ്ടാലും അങ്ങേര്‍ക്കു എന്തെങ്കിലും ഒന്നു കളിയാക്കിയില്ലെന്കില്‍ ഒരു സുഖവും ഇല്ല. കേള്ക്കുന്ന ആളുടെ മാനസ്സിക നില, ജോലി സ്ഥലത്തെ അപ്പോഴത്തെ സ്ഥിതി ഒന്നു അദ്ധേഹത്തിനു ഒരു പ്രശ്നമേ അല്ല. ചില സമയങ്ങളില്‍ ഈ കളിയാക്കലുകള്‍ സുഹൃത്തുക്കളെ എത്ര വേദനിപ്പിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. എല്ലാവരും ഓരോരോ പ്രശ്നങ്ങളാല്‍ ഉഴാലുന്നതാണ് സാധാരണ ജീവിതാവസ്ഥ. ആയതിനാല്‍ എന്തെങ്കിലും കാരണത്താല്‍ ഒരു സുഹൃത്തില്‍ നിന്നു അപ്രതീക്ഷിതമായ രീതിയില്‍ ഒരു പ്രതികരണം ലഭിച്ചാല്‍ നൈമിഷികമായി അതിന് മറുപ്രതികരണത്തിലൂടെ ഒരു യുദ്ധം ആരംഭിക്കാതെ ആ സുഹൃത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ഇടയില്‍ ഉള്ള വാശിയും വൈരാഗ്യവും ഒരു പരുധി വരെ ഇല്ലാതാക്കാം എന്നാണ് എന്റെ വിശ്വാസം.
ഓണ നാളില്‍ നാട്ടില്‍ നിന്നു തമാശ രൂപേണ ലഭിച്ച ഇമെയില്‍ പലതിലും കള്ള് കുടിയന്മാരുടെ പടങ്ങളായിരുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ അവസ്ഥ ഇത്രക്ക് ശോച്ചനീയമായി പോകുന്നതില്‍ വലിയ വിഷമം തോന്നി ആ ചിത്രങ്ങള്‍ കണ്ടിട്ട്. നാട്ടില്‍ മാത്രമായാല്‍ തരക്കേടില്ല. ഓണം ആഘോഷിച്ചു കൊണ്ടു ഇവിടെ കിട്ടിയ ഒന്നു രണ്ടു ഫോണ്‍ വിളികളിലും വിരുതന്മാര്‍ നല്ല ആഘോഷത്തിലായിരുന്നു. ഒന്നും രണ്ടും ലക്ഷം രൂപ കൊടുത്തു ഇവിടെ വന്നു ചില്ലറ ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ ആഘോഷത്തിന്റെ മറ്റൊരു രൂപം. ഇന്നലെ ലഭിച്ച ഓണാശംസകള്‍ വായിച്ച പലര്ക്കും അറിയാവുന്ന നഗ്ന സത്യങ്ങളില്‍ ഒന്ന്. ഇവരില്‍ ഇതിന് സൗകര്യം ഒരുക്കി കൊടുക്കുന്ന ഇടനിലക്കാരെ കുറിച്ചു എന്ത് പറയാം?
ഇത്രയ്ക്കു നീതിയും നിയമവും കര്‍ശനമായി ഉള്ള ഇവിടെ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടമെന്നുന്ടെങ്കില്‍ പിന്നെ നാട്ടില്‍ എന്തിന് കുറയ്ക്കണം.
നമ്മളുടെ ചിന്തകളും കാലത്തിനു അനുസരിച്ച് അപ്ഗ്രേഡ് ചെയ്യേണ്ട സമയം ആയെന്നു തോന്നുന്നു.
സസ്നേഹം
രമേഷ് മേനോന്‍
13092008
Friday, September 12, 2008
റമദാന്‍ ചിന്തകള്‍ 12
ഇന്നു മലയാളികള്‍ക്ക് തിരുവോണം ആണല്ലോ. മാവേലി മന്നനെ വരവേല്‍ക്കാന്‍ ഏവരും അതിയായ ഉത്സാഹത്തോടെ കാത്തിരുക്കുന്ന ദിവസം. റമദാന്‍ മാസ്സമായതിനാല്‍ മറുനാട്ടിലെ മലയാളികള്‍ പലരും ഇതേ കാരണത്താല്‍ ഓണ സദ്യ വൈകീട്ടത്തേക്ക് മാറ്റി വച്ചിരുന്നു.പല സ്ഥലങ്ങളിലും തകൃതിയായി ഓണക്കച്ചവടം ഇന്നലെ വൈക്കീട്ടു നടന്നിരുന്നു. വാഴയിലക്കും നാളികേരത്തിനും ആയിരുന്നു ഏറ്റവും കൂടുതല്‍ ആവശ്യക്കാരും വിലയും.
ഇന്നത്തെ ചിന്തകളും കുട്ടികളെ തുടരട്ടെ. ഇന്നത്തെ ഇവിടത്തെ പത്രത്തില്‍ കുറച്ചു കുട്ടികള്‍ അവരുടെ റമദാന്‍ അനുഭവങ്ങള്‍ എഴുതിയിരുന്നു. എല്ലാം നല്ല ആവേശം പകരുന്നതായിരുന്നു. അതില്‍ ഒരെണ്ണം എനിക്ക് വളരെ ഇഷ്ടമായി. അതല്‍ ആ കൊച്ചു കുട്ടികള്‍ എഴുതിയിരുന്നത് ഉപവാസം ഭക്ഷണത്തിലും വെള്ളത്തിലും മാത്രം ഒതുക്കരുതെന്നായിരുന്നു. ഉപവാസം കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും കാതുകളിലേക്കും നീളാന്‍ വിശ്വാസികളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് ആയിരുന്നു അവരുടെ പ്രാര്‍ത്ഥന.
ഇന്നലെ എഴുതിയത് പോലെ അന്നാന്നു ഉള്ള ചിന്തകള്‍ എഴുതുന്നതിലുള്ള ആനന്ദം ഒന്നു വേറെ തന്നെ. ഇതു എന്നെ മറ്റൊരു കാര്യവും ഓര്‍മിപ്പിക്കുന്നു. എന്റെ പരിചയത്തിലുള്ള ഒരു സായ്പ്പ് എപ്പോഴും ചെയുന്ന കാര്യം. പുള്ളിക്കാരന്‍ അദ്ധേഹത്തിന്റെ ഫോണ്‍ എപ്പോഴും ബാറ്ററി കഴിയുന്നത് വരെ ഉപയോഗിക്കും. ബാറ്ററി മുഴുവനും കഴിഞ്ഞാല്‍ വീണ്ടും ചാര്‍ജ് ചെയ്തു ഉപയോഗിക്കും. അദ്ദേഹം പറയുന്നതു ബാറ്ററി മുഴുവനായിട്ട് ഉപയോഗിച്ചു വീണ്ടും ചാര്‍ജ് ചെയ്യുമ്പോള്‍, പ്രവര്ത്തനം കൂടുതല്‍ നന്നാവും എന്നത്രേ. അതെ പോലെ തന്നെ പോകുന്നു എന്റെ ചിന്തകളും. അന്നത്തെ ചിന്തകള്‍ ഇവിടെ എഴുതി തീര്‍ക്കുമ്പോള്‍, മറ്റൊരു നാളേക്ക് വേണ്ടി മറ്റൊരു നല്ല ചിന്തകളിലേക്ക് വേണ്ടി അന്വേക്ഷണം ആരംഭിക്കാന്‍ എന്റെ മനസ്സിന് ഒരു ഉണര്‍വ് കിട്ടുന്നു. ആ ശക്തി തുടര്‍ന്ന് കൊണ്ടു പോകാന്‍ ഈശ്വരന്‍ എന്നും കരുണ കാണിക്കണേ എന്ന പ്രാര്‍ത്ഥനയോടെ,
സസ്നേഹം
രമേഷ് മേനോന്‍
12092008
Thursday, September 11, 2008
റമദാന്‍ ചിന്തകള്‍ 11
ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിനൊന്നാം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും എല്ലാവരിലും ഉത്സാഹവും ഭക്തിയും കൂടി വരുന്നു. ഇതോടൊപ്പം തന്നെ എല്ലാവരിലും ഓണത്തിന്റെ ഒരു ഉത്സവ ലഹരിയും കാണാന്‍ സാധിക്കുന്നുണ്ട്. റമദാന്‍ മാസ്സക്കാലമായത് കൊണ്ടു പല സ്ഥലങ്ങളിലും ഓണ സദ്യ വൈകിട്ട് ആണ് ഇത്തവണ പലരും അവരുടെ മുസ്ലിം സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്താനായി വച്ചിരിക്കുന്നത്. സൌഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ.
ഇതിന് മുന്‍പത്തെ ലക്കത്തില്‍ ഞാന്‍ എഴുതിയല്ലോ, ഇതു ഒരു തപസ്സ്യയായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്പേ എന്ന രീതിയില്‍ എന്നാല്‍ ശരി നാളത്തെ ചിന്തകള്‍ ഇന്നു തന്നെ എഴുതി വക്കാം എന്ന് ശ്രമിച്ചാല്‍ ഒരിക്കലും അത് എനിക്ക് സാധ്യമാവാറില്ല. അതാത് ദിവസ്സത്തിന്റെ അവസാനത്തിലെ അന്നത്തെ ചിന്തകള്‍ ഏകദേശം ഒരു പൂര്‍ണതയോടെ മനസ്സില്‍ വരികയുള്ളു.
ഇന്നു കുട്ടികള്‍ തന്നെ ആവട്ടെ നമ്മുടെ ചിന്താ വിഷയം.
ഈയിടെ ഒരു സഹൃദയ വേദിയില്‍ വച്ചു ഒരു മാതാപിതാക്കളുടെ അനുഭവം അറിയാന്‍ ഇടയായി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനോടുള്ള സ്കൂള്‍ അധ്യാപകരുടെ സമീപനം ആയിരുന്നു ചര്‍ച്ചാ വിഷയം. പതിവിലും കവിഞ്ഞ വികൃതിയും ഉത്സാഹവും ഒക്കെ കൂടി കലര്ന്ന ഒരു കൊച്ചു വികൃതി ആയിരുന്നു അവന്‍. ഇയിടെയായി സ്കൂളില്‍ നിന്നു വരുമ്പോള്‍ മിക്ക ദിവസ്സവും ശരീരത്തില്‍ നല്ല അടി കിട്ടിയ പാടു ഉണ്ടാവും. ചോദിച്ചപ്പോള്‍ വിവരം കുറച്ചു ഗുരുതരം ആണ്. ക്ലാസ്സില്‍ അടിപിടിയാണ് വിഷയം. എന്ത് കൊണ്ടോ എന്നും നമ്മുടെ കക്ഷിയെ ക്ലാസ്സിലെ ടീച്ചര്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചു നടത്തുന്ന ഭേദ്യങ്ങളുടെ ഫലം ആയിരുന്നു ആ പാടുകള്‍. സ്കൂള്‍ തുറന്നു കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയുടെ സംസാരവും കളിയും ചിരിയും ഒക്കെ കുറഞ്ഞു. ഏകദേശം ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കുറേശ്ശെ വിക്കല്‍ സംസാരത്തില്‍ കണ്ടു തുടങ്ങി. കാര്യമായി അന്വേഷിച്ചപ്പോള്‍ ടീച്ചറുടെ പുതിയ രീതി കുട്ടിയെ പേടിപ്പിക്കലാണ്. അത് എന്താണെന്നോ - കുട്ടിയെ തല കേഴാക്കി കെട്ടി തൂക്കും എന്ന് പറഞ്ഞു കൊണ്ടു!!! സ്കൂളില്‍ പോകാം എന്ന് പറഞ്ഞാല്‍ കുട്ടിക്ക് ഇപ്പോള്‍ കൊല്ലുന്നതിനു തുല്ല്യം.
എത്രയോ മാതാപിതാക്കള്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്നു. ഉള്ള കുട്ടികള്‍ തന്നെ എത്രയോ തരത്തില്‍ കഷ്ടപ്പെടുന്നു. അവരെ ഒരു തരത്തിലും മാനസ്സികമായി വിഷമിപ്പിക്കരുതെന്ന ബാല പാഠം അറിയാത്ത ആ അധ്യാപികക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്ന് മാത്രമേ ഈ പുണ്യ മാസ്സകളത്തിലെ ഉത്രാട രാവില്‍ എനിക്ക് പ്രാര്‍ത്ഥന ഉള്ളൂ.
സസ്നേഹം
രമേഷ് മേനോന്‍
11092008
റമദാന്‍ ചിന്തകള്‍ 10
ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പത്താം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും ഒരു പ്രത്യേക അനുഭൂതി തോന്നുന്നു ഇവിടെ വരുന്നതിലും ഈ ചിന്തകള്‍ എഴുതുന്നതിലും. വിവിധങ്ങളായ കാര്യങ്ങള്‍ എവിടെ നിന്നോ എങ്ങനെയോ ഒക്കെ കടന്നു വരുന്നു.
ഇന്നലെ ഈ നാട്ടില്‍ ഒരു മഹാ സംഭവം നടന്നു. ഒരു ചെറിയ ഭൂമി കുലുക്കം. 6.2 സ്കെയില്‍ ഓളം ഏകദേശം വന്ന ആ കുലുക്കം എന്തും സംഭവിപ്പിക്കമായിരുന്നു. വലിയ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ മൂന്ന് മണിയോടെ ഒരു ചെറിയ തല കറക്കം അനുഭവപ്പെട്ടപ്പോള്‍ റമദാന്‍ മാസ്സത്തില്‍ നോയമ്പ് എടുക്കുന്നത് കൊണ്ടുള്ള ക്ഷീണം ആയിരിക്കാം എന്നെ കരുതിയുള്ളു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഏതാനും സുഹൃത്തുക്കള്‍ ദുബായില്‍ നിന്നു വിളിച്ചു ഇവിടത്തെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. ഈ കെട്ടിട സമുച്ചയങ്ങളുടെ ദുര്ബ്ബലതയും അപ്പോള്‍ മനസ്സിലായി. ഈശ്വരന്‍ എത്ര കരുണ ഉള്ളവനാണ് എന്ന കാര്യവും!
ഇന്നലെ തന്നെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ അനുഭവം കേള്‍ക്കാനിടയായി. Baba Atomic Research Centre എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്. വളരെ കാലത്തെ ആണവ സമ്പര്‍ക്കം കാരണമാണോ എന്ന് അറിയില്ല അദ്ധേഹത്തിന്റെ രണ്ടു വൃക്കകളും തകരാറിലായി. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഒരു വൃക്ക എടുത്തു കളഞ്ഞു. ശേഷിച്ച ഒരെണ്ണം 50% ത്തില്‍ താഴെ മാത്രമേ പ്രവര്ത്തന ശേഷി ഉള്ളു. അദ്ധേഹത്തിനു ഏഴ് വര്ഷം മുന്പ് ഡോക്ടര്‍ കൊടുത്ത കാലാവധി ഒരു വര്ഷം മാത്രം. ഇപ്പോഴും പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് ഒരു അതിശയം ആണ്. ചിട്ടയായ ജീവിതവും, എന്ത് തന്നെ വന്നാലും താന്‍ ജീവിച്ചിരിക്കും എന്ന നിശ്ചയവും നിത്യേന മുടങ്ങാതെയുള്ള യോഗ അഭ്യാസവും ഇന്നും അദ്ധേഹത്തെ പൂര്‍ണ ആരോഗ്യവാനായി ഇരുത്തുന്നു. അദ്ധേഹത്തെ പോലുള്ളവരും, കാര്‍ഗില്‍ പോലുള്ള സ്ഥലങ്ങളില്‍ കടുത്ത ത്യാഗങ്ങള്‍ സഹിച്ചു ദേശത്തിന് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ആയിര കണക്കിന് പട്ടാളക്കാരുടെ ജീവിതവും നോക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍. ഒരു പത്തു മിനിട്ട് ട്രാഫിക് കുരുക്കില്‍ പെട്ട് കുഴങ്ങുമ്പോള്‍ കാറിന്റെ ഹോണ്‍ അടിച്ച് ബഹളം ഉണ്ടാക്കുന്ന വിരുതരെയും ഓര്ത്തു പോകുന്നു.
ജീവിതത്തില്‍ ഒരു ഇരുപതു മിനിട്ട് കൂടുതല്‍ കണ്ടെത്താന്‍ ഉള്ള വ്യഗ്രതയിലാണ് ഞാന്‍ ഇപ്പോള്‍. പത്തു മിനിട്ട് ഇതേ ചിന്തകള്‍ എന്റെ ഇംഗ്ലീഷ് ഭാഷ ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നീക്കി വക്കാനും, മറ്റൊരു പത്തു മിനിട്ട് എന്റെ ഫ്രെന്ച്ച് ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടിയും. രണ്ടാമത്തെ കൂട്ടരേ ഇപ്പോള്‍ തീരെ മറന്നു എന്നതാണ് അവരുടെ പരാതി.
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും റമദാന്‍ മാസ്സതിന്റെ ഭക്തി നിര്‍ഭരമായ നോമ്പിന്റെ ആശംസകളും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.
രമേഷ് മേനോന്‍
10092008