
കൊച്ചി: കഥകളി, ചെണ്ട വിദ്വാന്‍ കലാമണ്ഡലം കേശവന്‍ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ ശനിയാഴ്‌ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരവധി മലയാള സിനിമകളിലും ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയത്തുവീട്ടില്‍ ജനകി അമ്മയുടെയും കുറുങ്ങാട്ടുമനയ്‌ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി 1936 മെയ് 18 നാണ് അദ്ദേഹം ജനിച്ചത്. ഒന്‍പതാം വയസുമുതല്‍ കഥകളി പഠനം തുടങ്ങി. 1963 മുതല്‍ ഫ്‌ളെക്‌സ് കഥകളി സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.
കലാസാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, ഡോ.എന്‍.കെ.പിഷാരടി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. വാനപ്രസ്ഥം, കഥാനായകന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന എഴുത്തുകാരനും ബാലസാഹിത്യ കാരനുമായിരുന്നു അദ്ദേഹം. ശവസംസ്‌കാരം ഞായറാഴ്‌ച ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.