ഉന്നത വിജയത്തിന്റെ സന്തോഷത്തില്‍ സത്യവാഗീശ്വര്‍
കൊച്ചി: സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷാഫലം വന്നപ്പോള്‍ പനമ്പള്ളി നഗറിലെ 'ഗുരുകൃപ'യില്‍ സന്തോഷം നിറഞ്ഞു. ഇവിടത്തെ കൊച്ചുമിടുക്കന്‍ സത്യവാഗീശ്വര്‍ സി.ബി.എസ്.ഇ. ചെന്നൈ റീജണില്‍ ഒന്നാംസ്ഥാനത്തെത്തി. 492 മാര്‍ക്ക് (98.4 ശതമാനം) നേടിയ സത്യവാഗീശ്വര്‍ ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥിയാണ്.
ചെന്നൈ റീജണില്‍ ഉന്നത വിജയം നേടി എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് സത്യവാഗീശ്വര്‍ പറഞ്ഞു. 490 മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ മനംനിറയെ സന്തോഷവും അധ്യാപകരോടും മാതാപിതാക്കളോടുമുള്ള കടപ്പാടുമാണ് - സത്യ പറയുന്നു. സയന്‍സാണ് ഇഷ്ടവിഷയം. ആസ്‌ട്രോ സയന്‍സില്‍ റിസര്‍ച്ച് ചെയ്യണമെന്നാണ് ആഗ്രഹം.
സയന്‍സിനും സോഷ്യലിനും 97ഉം കണക്കിനും ഇംഗ്ലീഷിനും 99ഉം സംസ്‌കൃതത്തിന് 100 മാര്‍ക്കും വാങ്ങി എല്ലാ വിഷയത്തിനും 'എ-1' കരസ്ഥമാക്കി. നല്ലൊരു വയലിന്‍ പ്രതിഭകൂടിയാണ് സത്യ. ഭവന്‍സ് യുവജനോത്സവത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2007ലെ എന്‍.സി.ഇ.ആര്‍.ടി.യുടെ നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയിലൂടെ സത്യക്ക് പിഎച്ച്‌ഡിവരെയുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.
ചെന്നൈ റീജണില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് സത്യവാഗീശ്വറിനാണെന്ന് പ്രിന്‍സിപ്പല്‍ നിര്‍മല വെങ്കിടേശ്വരന്‍ പറഞ്ഞു. എറണാകുളം സ്വദേശിയായ എസ്. സുബ്രഹ്മണ്യന്റെയും ഹേമ സുബ്രഹ്മണ്യന്റെയും ഏക മകനാണ് സത്യവാഗീശ്വര്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment