Monday, October 12, 2009

നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

Posted on: 12 Oct 2009 വി.എസ്. ശ്യാംലാല്‍ www.mathrubhumi.com

തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്ക് വിശേഷ അവസരങ്ങളില്‍ ആശംസാ സന്ദേശം മുടങ്ങാതെ അയയ്ക്കാന്‍ അടുത്ത 100 വര്‍ഷം ഒരു വ്യക്തിക്കു കഴിയുമോ? അയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി അതു സാധിക്കും. അതിനായി ഒരു വെബ്‌സൈറ്റ് നിലവില്‍ വന്നുകഴിഞ്ഞു. പ്രണയത്തിനിടയില്‍ എന്നെന്നേയ്ക്കുമായി ജീവിതം വിട്ടുപോയ കൂട്ടുകാരിയില്‍ നിന്നാണ് ഇതിന്റെ തുടക്കം.
തൃശ്ശൂര്‍ മാടക്കത്തറ സ്വദേശിയായ ബിജു ജോര്‍ജ് എന്ന 29 കാരനാണ് സന്ദേശങ്ങള്‍ക്ക് അമരത്വം പകരുന്ന www.ojocard.com എന്ന വെബ്‌സൈറ്റിന്റെ ശില്പി. ആത്മാക്കളുമായി സംവദിക്കുന്നതിന് ഓജോ ബോര്‍ഡ് പ്രയോജനപ്പെടുത്താനാവും എന്നൊരു വിശ്വാസമുണ്ട്. മരിച്ചു പോയവരുടെ പേരില്‍ പോലും ആശംസാസന്ദേശങ്ങള്‍ അയയ്ക്കുന്ന വെബ്‌സൈറ്റിന്റെ പേര് അതിനാല്‍ ഓജോ കാര്‍ഡ് ആയി.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബിജുവിന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ച ഒരു റോങ് കോളില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു പെണ്‍കുട്ടിയായിരുന്നു മറുഭാഗത്ത്. സംസാരം പരിചയമായി, സൗഹൃദമായി - വീട്ടുകാരുടെ അറിവോടെ തന്നെ. അറിയാതെ അതു പ്രണയവുമായി.

ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ കല്യാണാലോചനകള്‍ തുടങ്ങിയിരുന്നു. ഓരോന്നു പറഞ്ഞ് അവള്‍ അത് മുടക്കി. കാരണമറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബിജുവിനെ ചുമതലപ്പെടുത്തി. കാര്യമാരാഞ്ഞ അദ്ദേഹത്തോട് അവള്‍ തന്റെ പ്രണയം തുറന്നുപറഞ്ഞു. അവളോട് ബിജുവിനും പ്രണയം തോന്നിയിരുന്നുവെങ്കിലും സ്ഥിരവരുമാനമില്ലാത്തത് അദ്ദേഹത്തെ പിന്നോട്ടുവലിച്ചു. ബിജുവിന്റെ പ്രേരണപ്രകാരം പെണ്‍കുട്ടി വിവാഹത്തിനു തയ്യാറായി. നല്ലൊരു കുടുംബജീവിതം പരസ്​പരം ആശംസിച്ച് അവര്‍ പിരിഞ്ഞു. ഇടയ്ക്കുള്ള ഓരോ മിസ്ഡ് കോളിലും ക്രിസ്മസ്, പുതുവത്സരം, ജന്മദിനം തുടങ്ങിയ വേളകളില്‍ മുടക്കമില്ലാതെ കൈമാറുന്ന ആശംസാ സന്ദേശങ്ങളിലുമായി പിന്നീട് ബന്ധം ഒതുങ്ങി. ഇടയ്ക്ക് ആ പെണ്‍കുട്ടിയുടെ വിവാഹക്ഷണക്കത്തും ബിജുവിനു ലഭിച്ചു, വിവാഹത്തിനു വരരുത് എന്ന കുറിപ്പുമായി.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കു ശേഷം അവളുടെ കോളുകള്‍ വീണ്ടും ബിജുവിന്റെ ഫോണിലേക്കു വന്നുതുടങ്ങി. ക്രമേണ വിളി വരാതായി. മാസങ്ങള്‍ക്കുശേഷം ഒരു ജോലി നേടി ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ ബിജു തീരുമാനിച്ചു. അവളുടെ നമ്പരില്‍ വിളിച്ചപ്പോള്‍ നിലവിലില്ലെന്നായിരുന്നു മറുപടി. പിന്നീട് വീട്ടിലേക്കു വിളിച്ചു. അമ്മ നല്‍കിയ മറുപടി ബിജുവിനെ ഞെട്ടിച്ചു. ദുരിതപൂര്‍ണമായ ഹ്രസ്വകാല ദാമ്പത്യത്തിനൊടുവില്‍ കൂട്ടുകാരി ആത്മഹത്യ ചെയ്തു.
ആശംസിക്കാന്‍ ആരുമില്ലാതെ ബിജുവിന്റെ ജന്മദിനം കടന്നു പോയി. ആ വേദനയില്‍നിന്നാണ് ഓജോകാര്‍ഡ് എന്ന ആശയം. ബിജുവിന്റെ സുഹൃത്തുക്കളായ തൃശ്ശൂര്‍ മാടക്കത്തറയിലെ സന്തോഷ് കീറ്റിക്കല്‍, രഞ്ജിത്ത്, സന്തോഷ് ചെമ്മണ്ട, വെള്ളാനിക്കര സ്വദേശി ജയകുമാര്‍ എന്നിവര്‍ ഒപ്പം ചേര്‍ന്നു. ദുബായിലെ ഒരു സ്ഥാപനമാണ് ഇപ്പോള്‍ www.ojocard.com തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സംരംഭത്തിന് പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജു ഇപ്പോള്‍.

Monday, October 5, 2009

60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ

60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ

നിങ്ങള്‍ 60 സെക്കന്‍ഡ് നേരം കൊണ്ട് പ്രണയം ചിത്രീകരിക്കാന്‍ തയാറാണോ, എങ്കില്‍ ഇതാ അതിനായൊരു മത്സരം ഒരുങ്ങുന്നു.

എമ്മാ മാസി നടത്തുന്ന ഇംഗ്ലണ്ടിലെ ഫിലിം 15 എന്ന നിര്‍മ്മാണ കമ്പനിയും മലയാള സിനിമാ സംവിധായകനായ സോഹന്‍ലാലും ചേര്‍ന്നാണ് അറുപത് സെക്കന്‍ഡ് നീളമുള്ള റൊമാന്റിക് മൂഡിലുള്ള ഹ്രസ്വ ചിത്രങ്ങളുടെ മത്സരം നടത്തുന്നത്.

മത്സരത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. ഏതുഭാഷയിലും ചിത്രം നിര്‍മ്മിക്കാം. എന്നാല്‍, ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമായിരിക്കും. ചിത്രം മ്യൂസിക്കലോ സൈലന്റോ ആവാം. റൊമാന്റിക് മൂഡിലുള്ള ചിത്രത്തിന്റെ ദെര്‍ഘ്യം ഒരു മിനിറ്റില്‍ കൂടരുത്.

ചിത്രങ്ങള്‍ ഡിവി, മിനി ഡിവി അല്ലെങ്കില്‍ ഡിവിഡി രൂപത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. തിരക്കഥ, സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ജീവചരിത്രക്കുറിപ്പ്, താരങ്ങളുടെ പട്ടിക, ടെക്നീഷ്യന്‍മാരുടെ പട്ടിക എന്നിവയും ചിത്രത്തിനൊപ്പം സമര്‍പ്പിക്കണം. 2009 ഡിസംബര്‍ 31 ന് മുമ്പ് എല്ലാ എണ്ട്രികളും ലഭിച്ചിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് ക്യാഷ് അവാര്‍ഡും അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിലേക്കുള്ള ക്ഷണവും ലഭിക്കും. ലവ് ഇന്‍ 60 സെക്കന്‍ഡ്സ്, ജി‌ എന്‍‌ എ 117, ഗാന്ധിനഗര്‍, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്.

Wednesday, September 16, 2009

ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍

ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍



ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍

തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരവും അതിനോട് അനുബന്ധിച്ചുള്ള മറ്റു ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളോട് അനുബന്ധിച്ച് കാണുന്ന ഒരു ചടങ്ങാണ് ഉപചാരം. ഉത്സവം എല്ലാം കഴിഞ്ഞതിനു ശേഷം ദേവി ദേവന്മാര്‍ തമ്മില്‍ തമ്മില്‍ ഇനി അടുത്ത കൊല്ലം കാണാം എന്ന് പറഞ്ഞു പിരിയുന്ന ഒരു ചടങ്ങ്. കോലം അഥവാ തിടമ്പ് എത്തിയ ആനകള്‍ നേര്‍ക്ക്‌ നേര്‍ നിന്ന് തുമ്പിക്കൈ പൊക്കി മൂന്നു തവണ അഭിവാദ്യം ചെയ്യുന്നതോട് കൂടി ഈ ചടങ്ങ് അവസാനിക്കുന്നു.

ഈ വീഡിയോ ഇന്നലെ സൂര്യ ടീവിയില്‍ കാണിച്ച ക്ഷേത്രായനം എന്ന പരിപാടിയില്‍ തൈക്കാട്ടുശ്ശേരി ഭഗവതി അമബളത്തിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നായി ഓടിച്ചു കാണിച്ചിരുന്നു. സൂര്യ ടീവിയോടു കടപ്പാട് ഇത് കാണിച്ചതിന്.

Monday, September 7, 2009

മാപ്രാണം പള്ളിയില്‍ തിരുനാളിന്‌ കൊടിയേറി



മാപ്രാണം പള്ളിയില്‍ തിരുനാളിന്‌ കൊടിയേറി
www.irinjalakuda.com
മാപ്രാണം ഹോളിക്രോസ്‌ തീര്‍ത്ഥകേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന്‌ കൊടിയേറി. മാര്‍.ജോസഫ്‌ പാസ്റ്റര്‍ നീലങ്കാവില്‍ പതാക ഉയര്‍ത്തി. സെപ്‌തംബര്‍ 12 വരെ കുരിശിന്റെ കപ്പേളയില്‍ വൈകീട്ട്‌ 5.30ന്‌ നൊവേന, വചനസന്ദേശം ,13ന്‌ വൈകീട്ട്‌ 5ന്‌ വഴിപാട്‌ തിരിതെളിയിക്കല്‍ എന്നിവ നടക്കും. 14ന്‌ രാവിലെ 6.30,7.30, ഉച്ചതിരിഞ്ഞ്‌ 3നും ദിവ്യബലി. പള്ളിയുടെ പേരും ചിത്രവും മുദ്രണം ചെയ്‌ത തപാല്‍സ്റ്റാമ്പ്‌ 14ന്‌ പുറത്തിറക്കും. കേന്ദ്രസഹമന്ത്രി പ്രൊഫ.കെ.വി.തോമസ്‌, പി.സി.ചാക്കോ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും, രാവിലെ 10ന്‌ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക്‌ ഫാ.ആന്റോ പാണാടന്‍ മുഖ്യകാര്‍മ്മികനാകും. വൈകീട്ട്‌ 3.30ന്‌ തിരുനാള്‍ പ്രദക്ഷിണം 7ന്‌ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്‌ ചുംബിക്കല്‍ എന്നിവ നടക്കും.